ആർഎസ്എസുമായി ബന്ധമുള്ളവരിൽനിന്ന് സംഭാവന സ്വീകരിക്കില്ല; മോഹൻ ഭഗവതിന്റെ സന്ദർശനത്തിന് പിന്നാലെ പ്രഖ്യാപനം നടത്തി അമേരിക്കയിലെ തൊണ്ണൂറോളം രാഷ്ട്രീയക്കാർ

ആർ.എസ്.എസുമായി ബന്ധമുള്ള വ്യക്തികളിൽനിന്നോ സംഘടനകളിൽനിന്നോ സംഭാവനകൾ സ്വീകരിക്കില്ലെന്ന നിർണ്ണായക നിലപാടുമായി അമേരിക്കയിലെ തൊണ്ണൂറോളം രാഷ്ട്രീയക്കാർ. ഡെമോക്രാറ്റിക് പാർട്ടിയിലെയും റിപ്പബ്ലിക്കൻ പാർട്ടിയിലെയും അംഗങ്ങളാണ് ഈ പ്രതിജ്ഞയെടുത്തവരിൽ ഉൾപ്പെടുന്നത്. ഇന്ത്യൻ വംശജരായ റോ ഖന്ന, പ്രമീള ജയപാൽ തുടങ്ങിയ പ്രമുഖ ജനപ്രതിനിധികളും ഇക്കൂട്ടത്തിലുണ്ട്.

ആർ.എസ്.എസിന്റെ ശതാബ്ദി വർഷത്തിൽ സംഘടനാ മേധാവി മോഹൻ ഭാഗവത് അമേരിക്കയിലും കാനഡയിലും നടത്തിയ സന്ദർശനത്തിന് മറുപടിയെന്നോണമാണ് ഈ നീക്കം. അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് സംഘടിപ്പിച്ച ന്യൂയോർക്കിലെ മാഡിസൺ ചത്വരത്തിലെ യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻ പരിപാടിയിൽ മുഖ്യപ്രഭാഷകൻ മോഹൻ ഭാഗവത് ആയിരുന്നു. ഓഗസ്റ്റ് 31-ാം തീയതി ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആക്ഷനും സൗത്ത് ഏഷ്യൻ അമേരിക്കൻ കൊയലീഷൻ ടു റിന്യൂ ഡെമോക്രസി ആക്ടും ചേർന്ന് പ്രഖ്യാപിച്ച പ്രതിജ്ഞയിൽ എട്ടോളം യു.എസ് സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും സ്ഥാനാർഥികളും പങ്കാളികളായിട്ടുണ്ട്.

കോൺഗ്രസ് അംഗങ്ങൾ, സംസ്ഥാന നിയമനിർമാതാക്കൾ, മേയർമാർ, പ്രാദേശിക ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി സ്ഥാനാർഥികൾ തുടങ്ങിയവരാണ് ഈ പ്രതിജ്ഞയിൽ ഒപ്പിട്ടത്. ആർ.എസ്.എസ് ബന്ധമുള്ള സംഘടനകളിൽനിന്നോ വ്യക്തികളിൽനിന്നോ മുൻപ് സ്വീകരിച്ച സംഭാവനകൾ തിരികെ നൽകുകയോ അല്ലെങ്കിൽ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന സംഘടനകൾക്ക് നൽകുകയോ ചെയ്യണമെന്നും പ്രതിജ്ഞയിൽ ആവശ്യപ്പെടുന്നു. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ അക്രമം, ഭീഷണിപ്പെടുത്തൽ, ആർ.എസ്.എസ് ബന്ധമുള്ള സംഘടനകളുടെ സ്വാധീനം എന്നിവ തടയുകയാണ് ഈ കക്ഷിരഹിത നീക്കത്തിന്റെ ലക്ഷ്യം.

ആർ.എസ്.എസിനെ ഒരു വലതുപക്ഷ സംഘടനയെന്ന് വിശേഷിപ്പിച്ച പ്രമീള ജയപാൽ, ആ സംഘടനയുമായി ബന്ധമുള്ള പണം താൻ കൈപ്പറ്റില്ലെന്ന് വ്യക്തമാക്കി. അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ആർ.എസ്.എസിനെ അനുവദിക്കരുതെന്ന് പറഞ്ഞ റോ ഖന്ന, ആർ.എസ്.എസുമായി ബന്ധമുള്ള ശതകോടീശ്വരിയിൽനിന്ന് ലഭിച്ച 6,600 ഡോളർ താൻ വേണ്ടെന്നുവെച്ചതായും കൂട്ടിച്ചേർത്തു.

US Politicians Pledge Not to Accept Donations From RSS Linked Entities

More Stories from this section

family-dental
witywide