
വാഷിംഗ്ടൺ: ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിൻ്റെ 25-ാം വാർഷിക ദിനത്തിൽ യുഎസ് ഭരണകൂടത്തെ പ്രതിനിധീകരിച്ച് മുൻനിര നേതാക്കൾ വെവ്വേറെ ചടങ്ങുകളിൽ പങ്കെടുക്കും. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിൽ നടക്കുന്ന അനുസ്മരണത്തിൽ പങ്കെടുക്കുമ്പോൾ, പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിലെ പെൻ്റഗണിൽ നടക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിലാണ് വൈസ് പ്രസിഡൻ്റ് വാൻസ് ഇക്കാര്യം അറിയിച്ചത്. “ഒരു ടീം എന്ന നിലയിൽ ഞങ്ങൾ എടുത്ത തീരുമാനമാണിത്. ഭീകരാക്രമണത്തിൻ്റെ പ്രധാന കേന്ദ്രങ്ങളായ ന്യൂയോർക്കിലും പെൻ്റഗണിലും ഭരണകൂടത്തിൻ്റെ സാന്നിധ്യം ഉറപ്പാക്കാനാണ് ഈ തീരുമാനം,” അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിലെ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുന്നത് വലിയൊരു ബഹുമതിയാണെന്നും, ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ പേരുകൾ പ്രിയപ്പെട്ടവർ ഉറക്കെ വായിക്കുന്ന വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ കാത്തിരിക്കുകയാണെന്നും വാൻസ് കൂട്ടിച്ചേർത്തു.
2001 സെപ്റ്റംബർ 11-നാണ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ ഭീകരാക്രമണം അമേരിക്കയിൽ നടന്നത്. അൽ-ഖ്വയ്ദ ഭീകരർ തട്ടിയഗെടുത്ത നാല് യാത്രാവിമാനങ്ങൾ ഉപയോഗിച്ച് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻ്ററിലും പ്രതിരോധ ആസ്ഥാനമായ പെൻ്റഗണിലും നടത്തിയ ആക്രമണങ്ങളിൽ 2,977 പേർക്കാണ് ജീവൻ നഷ്ടമായത്.
വർഷം തോറും ന്യൂയോർക്കിലെ ‘ഗ്രൗണ്ട് സീറോ’യിലും പെൻ്റഗണിലും കൊല്ലപ്പെട്ടവരുടെ ഓർമ്മ പുതുക്കി വലിയ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.
Quarter-century after 9/11 terror attacks: Trump and Vance to attend separate memorial services














