സസ്പെൻസിന് വിരാമം, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കമല ഹാരിസ്; ടിം വാൾസ്

വാഷിംഗ്ടൺ: ആരായിരിക്കും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാ‌ർഥി എന്ന സസ്പെൻസിന് ഒടുവിൽ വിരാമമായി. ഇന്നത്തോടെ ആ സസ്പെൻസ് അവസാനിക്കുമെന്ന ഡെമോക്രാറ്റിക്ക് പാർട്ടി വൃത്തങ്ങൾ നൽകിയ സൂചന യാഥാർഥ്യമായി. പ്രസിഡന്‍റ് സ്ഥാനാർഥിയായ കമല ഹാരിസ് തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി മിനസോട്ട ഗവർണർ ടിം വാൾസിനെ പ്രഖ്യാപിച്ചു.

വാഷിംഗ്ടണിലെ തന്‍റെ വസതിയിൽ മത്സരാർഥികളുമായി വാരാന്ത്യ അഭിമുഖങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ടിം വാൾസിന് നറുക്ക് വീണതെന്നാണ് വ്യക്തമാകുന്നത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പര്യടനത്തിന് ഫിലാഡൽഫിയയിലെ ടെംപിൾ യൂണിവേഴ്‌സിറ്റിയിൽ ഇന്ന് വൈകുന്നേരം തുടക്കമിടും മുമ്പാണ് കമല നിർണായക പ്രഖ്യാപനം നടത്തിയത്.

ബൈഡൻ സർക്കാരിലെ നാല് ഗവർണർമാർ, ഒരു സെനറ്റർ, ഒരു കാബിനറ്റ് സെക്രട്ടറി എന്നിങ്ങനെ ആറ് പേരിലായിരുന്നു ആദ്യം മുതലേ ഊഹാപോഹങ്ങൾ കേന്ദ്രീകരിച്ചിരിന്നത്. അരിസോണയിലെ യു എസ് സെനറ്റർ മാർക്ക് കെല്ലി, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ എന്നിവ‍ർ ടിം വാൾസിന് അവസാന ഘട്ടത്തിലും കടുത്ത വെല്ലുവിളി ഉയർത്തിയെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. എന്തായാലും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാ‍ർഥി കൂടിയെത്തിയത്തോടെ അമേരിക്കൻ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വീറും വാശിയും ഏറും.