
വാഷിംഗ്ടൺ: യു.എസിലെ മിനസോട്ട സംസ്ഥാനത്തെ ജലവിതരണ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര് മുറുകുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം തള്ളിക്കളഞ്ഞ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, മിനസോട്ടയിലെ ഡെമോക്രാറ്റിക് ഗവർണറുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപിച്ചു.
ക്യാമ്പ് ഡേവിഡിൽ നടന്ന കാബിനറ്റ് യോഗത്തിലാണ് ട്രംപിൻ്റെ വിവാദ പരാമർശം. “മിനസോട്ടയിൽ സൈബർ ആക്രമണം ഉണ്ടായതായും അതിന് അവർ ഇറാനെയാണ് കുറ്റപ്പെടുത്തുന്നതായും കേട്ടു. എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല. മിനസോട്ട ഭരണകൂടത്തിൻ്റെ അപ്രാപ്തിയാണ് ഇതിന് കാരണം,” യാതൊരു തെളിവുകളും നിരത്താതെ ട്രംപ് പറഞ്ഞു.
എന്നാൽ, ട്രംപിൻ്റെ ആരോപണങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ മിനസോട്ട ഗവർണർ ടിം വാൽസ് ശക്തമായ മറുപടി നൽകി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ട്രംപിന് കൃത്യമായി അറിയാമെന്നും രാഷ്ട്രീയ ലാഭത്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (DOGE) വരുത്തിയ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കലുകളാണ് സൈബർ സുരക്ഷയെ ദുർബലപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ സെക്യൂരിറ്റി ഏജൻസിയായ ‘സിസ’ (CISA) യുടെ ബജറ്റ് വെട്ടിക്കുറച്ചതിലൂടെ യു.എസിനെ സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കാവുന്ന രീതിയിൽ ട്രംപ് ഭരണകൂടം തുറന്നിട്ടതായും വാൽസ് ആരോപിച്ചു.
മിനസോട്ട ഐടി സർവീസസ് നൽകുന്ന വിവരമനുസരിച്ച്, സംസ്ഥാനത്തെ മുപ്പതിലധികം ജലവിതരണ സംവിധാനങ്ങളെയാണ് സൈബർ ക്രിമിനലുകൾ ലക്ഷ്യമിട്ടത്. ജലവിതരണം ദൂരസ്ഥലങ്ങളിൽ ഇരുന്ന് നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉപയോഗിക്കുന്ന പ്രോഗ്രാമബിൾ ലോജിക് കൺട്രോളറുകൾ ഹാക്ക് ചെയ്യാനും പാസ്‌വേഡുകൾ മാറ്റാനും ശ്രമം നടന്നു. എന്നാൽ, സംസ്ഥാനത്തെ സുരക്ഷാ വിദഗ്ധർ ഈ വീഴ്ച ഉടൻ കണ്ടെത്തുകയും പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ച് വലിയ അപകടം ഒഴിവാക്കുകയുമായിരുന്നു.
മിനസോട്ടയ്ക്ക് പുറമെ ജോർജിയ, മിഷിഗൺ ഉൾപ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും സമാനമായ സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി ജലസംവിധാനങ്ങൾക്ക് നേരെ ഭീഷണിയുണ്ടെന്ന് എഫ്.ബി.ഐയും എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഏജൻസിയും സംയുക്ത മുന്നറിയിപ്പ് നൽകി.
നിലവിൽ ജലവിതരണ സേവനങ്ങളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മിനസോട്ടയിൽ നിന്നുള്ള സെനറ്റർ ആമി ക്ലോബുച്ചാർ വ്യക്തമാക്കി. നാഷണൽ സൈബർ ഡയറക്ടർ സീൻ കെയർക്രോസുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തതായും സുരക്ഷ ശക്തമാക്കാൻ കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അക്രമികളെ കണ്ടെത്താൻ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Trump says Minnesota governor’s incompetence, not Iran, behind hacking of US water systems; Democrats say Trump put country at risk by cutting budget















