അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ് ആയി കാജൽ സക്കറിയയും സെക്രട്ടറിയായി ബിനു കാസിമും ട്രഷററായി തോമസ് ജോസഫും ചുമതലയേറ്റു.
വൈസ് പ്രസിഡന്റായി ഷൈനി അബൂബക്കർ, ജോയിന്റ് സെക്രട്ടറി അനു ഷിബു, ജോയിന്റ് ട്രെഷറർ സാദിഖ് പുളിക്കാപറമ്പിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അമ്മു സഖറിയ, മീര പുതിയടത്തു, ഫമിന ചുക്കൻ എന്നിവർ ചാപ്റ്റർ അംഗങ്ങളായി ചാപ്റ്റർ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കും.
മാധ്യമ രംഗത്തേക്കുള്ള കാൽവെയ്പ് ആകസ്മികമാണെങ്കിലും, തന്റെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹങ്ങളിൽ ഒന്ന് പ്രാവർത്തികമാകുന്നതിന്റെ ചാരിതാർഥ്യത്തോട് കൂടിയാണ് താൻ മാധ്യമ കൂട്ടായ്മയുടെ ഭാഗം ആകുന്നതെന്ന് പ്രസിഡന്റ് കാജൽ സഖറിയ പറഞ്ഞു. പ്രവാസി ചാനലിന്റെ ജോർജിയ റീജിയന്റെ ഡയറക്ടർ ആയിട്ടാണ് അദ്ദേഹം ആദ്യമായി വിഷ്വൽ മീഡിയ രംഗത്തെക്കു വന്നത്. തന്റെപ്രവർത്തന പരിചയവും, സമൂഹവുമായുള്ള സമ്പർക്കവും, പൊതുജനങ്ങ്ളുടെ സ്പന്ദനം അറിയുവാനുള്ള വ്യെഗ്രതയും കൂടുതലായി ഉപയോഗിക്കാനുള്ള അവസരവുമായാണ് കാജൽ ഇതിനെ കാണുന്നത്. മാധ്യമ കൂട്ടായ്മ തീർച്ചയായും അറ്റ്ലാന്റയിലെ മലയാളി മാധ്യമ പ്രവർത്തകർക്ക് പ്രയോജനമാകും വിധം പ്രവർത്തിക്കുമെന്നു പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ അറ്റ്ലാന്റയിലേക്കു സ്വാഗതം ചെയ്യുന്നതിലുള്ള സന്തോഷം അദ്ദേഹം അറിയിച്ചു. ഉടൻ തന്നെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്തമേരിക്കയുടെ അറ്റ്ലാന്റ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ഉണ്ടാകുമെന്നു പ്രസിഡന്റ് കാജൽ സഖറിയ അറിയിച്ചു.
സെക്രട്ടറി ആയി തിരഞ്ഞെടുത്ത ബിനു കാസിം സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമാണ്. നല്ല ഒരു എഴുത്തുകാരനും, വർഷങ്ങളായി അറ്റ്ലാന്റയിൽ നിന്നും ഈ-മലയാളിയിലേക്കു വാർത്തകൾ തയാറാക്കിയിരുന്നു. ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ പ്രെസിഡന്റായും മറ്റു ഭാരവാഹിത്വങ്ങളും നിർവഹിച്ച ബിനു കാസിം ടെലിവിഷൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. നവ്യാനുഭവത്തോടു കൂടി ഹൃദ്യമായി പുതിയ ഒരു ടെലിവിഷൻ പരമ്പര അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ബിനു കാസിം ഇപ്പോൾ. ഒരു സംരംഭകനും കൂടിയായ ബിനു വളരെ സന്തോഷത്തോടെയും കൃതാർഥതയോടെയും സെക്രട്ടറി ചുമതല താൻ ഏറ്റെടുക്കുന്നു എന്ന് പറയുകയുണ്ടായി.