വാഷിങ്ടൺ: കുടിയേറ്റ നിയന്ത്രണ നടപടികൾ രാഷ്ട്രീയമായി അമിതമായി കടുപ്പമേറിയെന്ന് സമ്മതിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നയം ശക്തമായി തുടരുമെന്നും അവർക്ക് പൊതുമാപ്പ് നൽകില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, കുറ്റവാളികളും മയക്കുമരുന്ന് കടത്തുകാരും ഉൾപ്പെടെ ‘ഏറ്റവും അപകടകാരികളായ’ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനാണ് മുൻഗണനയെന്ന് ട്രംപ് വ്യക്തമാക്കി.
അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്ക് നിയമപരമായ പദവി നൽകുന്ന നിർദേശങ്ങളും അദ്ദേഹം തള്ളി. പൊതുമാപ്പ് ഉണ്ടാകില്ല. അവർ നിയമം അറിഞ്ഞുകൊണ്ടാണ് രാജ്യത്തേക്ക് വന്നതെന്നും 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിക്കു പിന്നാലെയും കുടിയേറ്റ നയത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറുമായി കുടിയേറ്റ നയത്തിലെ മാറ്റങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ കുടിയേറ്റ നയങ്ങളുടെ പ്രധാന ശിൽപിയായാണ് മില്ലർ അറിയപ്പെടുന്നത്. കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് നിയന്ത്രണം നഷ്ടമായതിനു പിന്നാലെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയത്.
ഇതിനിടെ, കുടിയേറ്റ നയത്തിൽ ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ ട്രംപ് തയാറാണെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു പിന്നാലെ കുടിയേറ്റ നിയമനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡെമോക്രാറ്റിക് അംഗങ്ങൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നയത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ട്രംപുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും മുള്ളിൻ കൂട്ടിച്ചേർത്തു.
അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് നൽകുന്ന കാര്യം പരിഗണിക്കില്ലെന്ന് മുള്ളിനും വ്യക്തമാക്കി. കുടിയേറ്റ പരിഷ്കരണത്തിന് ഇരുപാർട്ടികളുടെയും സഹകരണം ആവശ്യമാണെങ്കിലും നിലവിൽ രാജ്യത്ത് കഴിയുന്ന അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച സിബിഎസിന്റെ ’60 മിനിറ്റ്സ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് കുടിയേറ്റ നിയന്ത്രണ നടപടികൾ ചില ഘട്ടങ്ങളിൽ അമിതമായി കടുത്തുപോയിട്ടുണ്ടാകാമെന്ന് ട്രംപ് സമ്മതിച്ചത്. കൊലപാതകികൾക്കും മയക്കുമരുന്ന് കടത്തുകാർക്കുമെതിരായ നടപടികൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.
Day after ‘too tough’ remark over GOP midterm loss, Trump says immigration policy ‘very strong’, will deport ‘worst of the worst’














