
കലിഫോർണിയ: ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് തയ്യാറാക്കിയ ‘ലോകത്തിലെ ഏറ്റവും മികച്ച’ വിദ്യാർഥികളുടെ പട്ടികയിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി 9 വയസ്സുകാരി പ്രീഷ ചക്രവർത്തി ഇടം നേടി.
തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 16,000ലധികം വിദ്യാർഥികളുടെ ഗ്രേഡ്-ലെവൽ പരീക്ഷകളുടെ ഫലങ്ങൾ വിലയിരുത്തിയാണ് പ്രീഷയെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് അറിയിച്ചു. കലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിങ് എലിമെന്‍ററി സ്‌കൂൾ വിദ്യാർഥിനിയാണ് പ്രീഷ.
2023 ൽ യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് നടത്തിയ ടെസ്റ്റിൽ പ്രീഷ പങ്കെടുത്തിരുന്നു. ടെസ്റ്റിംഗ്, പ്രോഗ്രാമുകൾ എന്നിവയിലൂടെ പ്രതിഭാശാലികളായ വിദ്യാർത്ഥികളെ കണ്ടെത്തി മുന്നോട്ട് കൊണ്ടുപോകുന്നതിനായി 1979-ൽ സ്ഥാപിതമായ കേന്ദ്രമാണ് സിടിവൈ. സിടിവൈയുടെ ടാലന്റ് സെർച്ചിന്റെ ഭാഗമായി എസ്എടി (സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്), എസിടി (അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്), സ്‌കൂൾ, കോളേജ് എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ നിരവധി പരീക്ഷകൾ നടക്കും. എല്ലാ പരീക്ഷകളിലും അസാധാരണ പ്രകടനമാണ് ഈ മിടുക്കി കാഴ്ചവെച്ചത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രീഷയുടെ അഞ്ചാം ക്ലാസ് ലെവൽ പരീക്ഷയിലെ പ്രകടനം പരീക്ഷ അധികൃതരെ അമ്പരപ്പിച്ചു.
ന്യൂജഴ്സിയിലെ ഫ്ലോറൻസ് എം ഗൗഡിനീർ മിഡിൽ സ്‌കൂളിൽ പഠിക്കുന്ന പെരിയനായഗം, 2021ൽ ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് ടെസ്റ്റിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ അമേരിക്കയിൽ വിദ്യാഭ്യാസത്തിൽ മികവ് പുലർത്തുന്നതിന് പ്രശസ്തി നേടിയിട്ടുണ്ട്. സ്‌ക്രിപ്‌സ് നാഷനൽ സ്പെല്ലിങ് ബീ മത്സരത്തിൽ രാജ്യത്തുടനീളമുള്ള കുട്ടികളിൽ ഫൈനൽ റൗണ്ടുകളിൽ എത്തുകയും ചാംപ്യൻഷിപ്പുകൾ സ്വന്തമാക്കുകയും ചെയ്യുന്നതിലും ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ മുന്നിലാണ് .













