യുഎസ് ഉപരോധവും യുദ്ധവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി, തുറന്നുസമ്മതിച്ച് ഇറാൻ വക്താവ്; വിദേശ നാണയ വിപണിയിൽ ഇടപെടാൻ സെൻട്രൽ ബാങ്ക്

ടെഹ്‌റാൻ: യുഎസ് ഉപരോധങ്ങളും നിലവിലെ യുദ്ധസാഹചര്യങ്ങളും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും സാധനങ്ങളുടെ ക്ഷാമവും നേരിടുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഇറാൻ സർക്കാർ. സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെ സർക്കാർ നിഷേധിക്കുന്നില്ലെന്നും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നുണ്ടെന്നും ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹാജറാനി വ്യക്തമാക്കി. പടിഞ്ഞാറൻ ഇലാം പ്രവിശ്യയിൽ 64 കിടക്കകളുള്ള പുതിയ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഇറാന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ അമേരിക്കൻ ഉപരോധം സാരമായി ബാധിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തിയത്.

ജനങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും വിവിധ സാധനങ്ങളുടെ ക്ഷാമവും മറച്ചുവെക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു. ജനങ്ങളോട് സുതാര്യമായും സത്യസന്ധമായും കാര്യങ്ങൾ വിശദീകരിക്കുമ്പോഴെല്ലാം അവർ ഭരണാധികാരികളോട് പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്ന് ഫാത്തിമ മൊഹാജറാനി പറഞ്ഞു. വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഉദ്യോഗസ്ഥരുടെ അകാര്യക്ഷമത കൊണ്ടല്ലെന്നും, കടുത്ത ഉപരോധങ്ങൾ കാരണം വിഭവ സമാഹരണവും പദ്ധതി നിർവ്വഹണവും തടസ്സപ്പെടുന്നതിനാലാണെന്നും അവർ വിശദീകരിച്ചു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും പകുതി വഴിയിൽ നിലച്ച പദ്ധതികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്കയുമായുള്ള യുദ്ധം വിദേശ നാണയ വിപണിയിൽ അസാധാരണമായ ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഇറാൻ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൽ നാസർ ഹെമ്മതി സമ്മതിച്ചു. വിപണിയിലെ അസ്ഥിരതയും തടസ്സങ്ങളും പരിഹരിക്കുന്നതിനായി ആവശ്യമുള്ള സമയങ്ങളിൽ ശക്തവും കൃത്യവുമായ രീതിയിൽ സെൻട്രൽ ബാങ്ക് വിദേശ നാണയ വിപണിയിൽ ഇടപെടൽ നടത്തുമെന്ന് സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.

More Stories from this section

family-dental
witywide