
വാഷിംഗ്ടൺ: രാജ്യത്ത് എണ്ണവില എന്ന് കുറയുമെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാനാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അമേരിക്കൻ ഭരണകൂടം ഇറാനുമായി നടത്തുന്ന പോരാട്ടങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധനവില ഇതിലും എത്രയോ മടങ്ങ് ഉയർന്നേനേയെന്നും അദ്ദേഹം അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വാൻസ് സർക്കാരിന്‍റെ നയങ്ങൾ വിശദീകരിച്ചത്.
നിലവിലെ സാഹചര്യത്തെ ഒരു ‘പൂർണ്ണ തോതിലുള്ള യുദ്ധം’ എന്ന് വിളിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ വൈസ് പ്രസിഡന്‍റ്, ഇറാൻ സമുദ്രമേഖലയിലെ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കാതെ അവരുമായി യാതൊരുവിധ ചർച്ചകൾക്കും അമേരിക്ക തയ്യാറല്ലെന്നും വ്യക്തമാക്കി. നിലവിൽ വ്യാപകമായ രീതിയിൽ വെടിവെയ്പുകളോ ആക്രമണങ്ങളോ നടക്കുന്നില്ലെന്ന് വാൻസ് കൂട്ടിച്ചേർത്തു. രണ്ടു ദിവസം മുൻപ് അമേരിക്ക ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തുകയും കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
വരുന്ന നവംബറിലെ യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുൻപ് ഈ സംഘർഷങ്ങൾ അവസാനിക്കുമോ എന്ന ചോദ്യത്തിന്, അത് ഇറാനിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നാണ് വാൻസ് മറുപടി നൽകിയത്. കപ്പലുകൾക്ക് നേർക്കുള്ള ആക്രമണം ഇറാൻ എന്ന് അവസാനിപ്പിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം തനിക്കറിയില്ലെന്നും അതിനുള്ള മറുപടി ഇറാനോട് തന്നെ ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.















