വിവാഹച്ചടങ്ങിലെ യുഎസ് വ്യോമാക്രമണം, കൊല്ലപ്പെട്ട നാലു വയസുകാരന്‍റെ വിലാപയാത്രയിൽ ജനസാഗരം; അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ കുഹെസ്തകിൽ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നാലു വയസ്സുകാരൻ അമീർ മുഹമ്മദ് കരീമിയുടെ വിലാപയാത്രയിൽ ഒഴുകിയെത്തി ആയിരക്കണക്കിന് ആളുകൾ. ചൊവ്വാഴ്ച വൈകുന്നേരം ഒരു വീടിന് നേർക്കുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് പേരിൽ ഒരാളാണ് ഈ പിഞ്ചുകുഞ്ഞ്. കുട്ടിയുടെ ചിത്രം പതിച്ച മൃതദേഹമഞ്ചവും വഹിച്ച് വിങ്ങിപ്പൊട്ടുന്ന ജനക്കൂട്ടവും പ്രാദേശിക ഉദ്യോഗസ്ഥരും കുഹെസ്തകിലെ തെരുവുകളിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.

ഒരു വിവാഹച്ചടങ്ങ് നടക്കവെ വീടിന്റെ മേൽക്കൂര തകർത്ത് യുഎസ് മിസൈൽ പതിക്കുകയായിരുന്നുവെന്നാണ് ഇറാൻ അധികൃതർ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്തെ ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ച റോയിട്ടേഴ്സിന്റെ ആയുധ വിദഗ്ദ്ധരും ഇത് യുഎസ് നിർമ്മിത മിസൈലിന്റെ നേരിട്ടുള്ള ആക്രമണമാകാനാണ് സാധ്യതയെന്ന് വിലയിരുത്തി.

അതേസമയം, വിവാഹച്ചടങ്ങിന് നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ ഇറാന്റെ ആരോപണങ്ങളെ തികഞ്ഞ സംശയത്തോടെയാണ് കാണുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചു. അമേരിക്കൻ സൈന്യം ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യാഥാർത്ഥ്യം എന്താണെന്ന് കൃത്യമായി അറിയാനുള്ള ഗൗരവമുള്ള ശ്രമത്തിലാണ് യുഎസ് ഭരണകൂടമെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide