
വാഷിംഗ്ടണ്‍: ഫെഡറല്‍ ജയിലില്‍ കഴിയുന്ന ഗുല്‍വാദി എന്ന 51 കാരനായ ഇന്ത്യന്‍ വംശജന്‍ ചില്ലറക്കാരനല്ല, അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ ഇയാള്‍ കളിച്ച കളികള്‍ക്ക് കാത്തിരിക്കുന്നത് ജയില്‍ ശിക്ഷയാണ്.
വഞ്ചനാപരമായ രേഖകളുടെ അടിസ്ഥാനത്തില്‍ യുഎസ് പൗരത്വം നേടിയതിനും കള്ളം പറഞ്ഞതിനും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ഒടുവില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തതായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് (എച്ച്എസ്‌ഐ) നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന്, ഇപ്പോള്‍ ഫ്‌ലോറിഡയില്‍ താമസിക്കുന്ന ജയപ്രകാശ് ഗുല്‍വാദി യെയാണ് കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. പൗരത്വം നിയമവിരുദ്ധമായി നേടിയതിനും ഇതിനായി സമര്‍പ്പിച്ച വ്യാജ രേഖകള്‍ക്കും പാസ്പോര്‍ട്ട് അപേക്ഷയില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയതടക്കമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരായ തെളിഞ്ഞിരിക്കുന്നത്. പരമാവധി 10 വര്‍ഷത്തെ ശിക്ഷയാണ് ലഭിക്കുക.
2001ല്‍ താത്കാലിക ബിസിനസ് വിസയിലാണ് ഗുല്‍വാദി അമേരിക്കയിലെത്തിയത്.
2008 ഓഗസ്റ്റില്‍, ഒരുവര്‍ഷം മുന്‍പ് വിവാഹം കഴിച്ച അമേരിക്കന്‍ പൗരയായ ഭാര്യയെ വിവാഹമോചനം ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഗുല്‍വാദി മറ്റൊരു അമേരിക്കന്‍ യുവതിയെ വിവാഹം കഴിച്ചു. ആ വിവാഹത്തെ അടിസ്ഥാനമാക്കി, അയാള്‍ തന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ക്രമീകരിക്കുകയും 2009 ജൂണില്‍ നിയമാനുസൃത സ്ഥിരതാമസക്കാരനാകുകയും ചെയ്തു.
രണ്ട് മാസത്തിന് ശേഷം, 2009 ഓഗസ്റ്റില്‍, 2001 ല്‍ അമേരിക്കയിലെത്തിയതിന് ശേഷം അദ്ദേഹം ആദ്യമായി ഇന്ത്യയിലേക്ക് യാത്ര ചെയ്തു.
ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ ഇയാള്‍ ഒരു ഇന്ത്യക്കാരിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് ഗുല്‍വാദിയ്ക്കും ഇന്ത്യന്‍ പങ്കാളിയ്ക്കും 2011 ജനുവരിയില്‍ ഒരു മകന്‍ ജനിച്ചു.
തുടര്‍ന്ന്2013 ഓഗസ്റ്റില്‍, യുഎസ് പൗരയായ ഭാര്യയുമായുള്ള ഗുല്‍വാദിയുടെ വിവാഹം വേര്‍പെടുത്തി.
അടുത്ത വര്‍ഷം, ഗുല്‍വാദി സ്വദേശിവല്‍ക്കരണത്തിന് അപേക്ഷ നല്‍കുകയും താന്‍ ഇപ്പോള്‍ വിവാഹിതനല്ലെന്ന് തെറ്റായി രേഖകള്‍ നല്‍കുകയും ചെയ്തു. തനിക്ക് കുട്ടിയുണ്ടെന്നും മറ്റൊരു ഭാര്യ ഉണ്ടെന്നും ഒരേ സമയം ഒന്നിലധികം പേരെ വിവാഹം കഴിച്ചെന്നതുമടക്കമുള്ള വിവരങ്ങള്‍ ഇയാള്‍ മറച്ചുവയ്ക്കുകയായിരുന്നു.
നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് അപ്പോള്‍ കണ്ടെത്താതിരുന്നതിനാല്‍ അപേക്ഷയുടെ അടിസ്ഥാനത്തില്‍, 2014 ഓഗസ്റ്റില്‍ ഗുല്‍വാദി ഒരു സ്വാഭാവിക യുഎസ് പൗരനായി.
അമേരിക്കന്‍ പൗരത്വത്തിന്റെ തെളിവായി കബളിപ്പിച്ച് നേടിയ നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗുല്‍വാദി യുഎസ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുകയും തന്റെ ഇന്ത്യന്‍ പങ്കാളിയെ ഒഴിവാക്കുകയും ചെയ്തു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഗുല്‍വാദിക്ക് ഒരു യുഎസ് പാസ്പോര്‍ട്ട് നല്‍കി, പിന്നീട് അദ്ദേഹം കുറഞ്ഞത് മൂന്ന് തവണയെങ്കിലും അമേരിക്കയിലേക്ക് മടങ്ങാന്‍ ഇത് ഉപയോഗിച്ചതായും കണ്ടെത്തിയുണ്ട്. എന്തായാലും അമേരിക്കന്‍ പൗരത്വം നേടാനും ആനുകൂല്യങ്ങള്‍ ലഭിക്കാനും ചില്ലറ കളിയൊന്നുമല്ല ഇയാള്‍ നടത്തിയത് എന്ന് സാരം.
നിയമവിരുദ്ധമായി പൗരത്വം നേടിയതിന് ശിക്ഷിക്കപ്പെടുമ്പോള്‍ ഗുല്‍വാദിന് യുഎസ് പൗരത്വം നഷ്ടമാകും. ശിക്ഷ വിധിക്കുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.















