ചാരവൃത്തി ഭീതി! ചൈനാ സന്ദർശനത്തിൽ കടുത്ത സുരക്ഷാ മുൻകരുതലുമായി വൈറ്റ്ഹൗസ്; മാധ്യമപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഫോണുകൾ പിടിച്ചെടുത്തു

വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം ചൈനയിലെ ഷെൻഷെൻ വേദിയായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ വ്യാഴാഴ്ച ആദ്യമായി ഒരുമിച്ചിരുന്ന് ചർച്ച നടത്തി. ലോകനേതാക്കൾ സൗഹൃദം പങ്കിട്ട് മടങ്ങിയെങ്കിലും, ട്രംപിന്റെ ചൈനാ സന്ദർശനത്തിനിടെ അസാധാരണമായ സുരക്ഷാ നടപടികളാണ് വൈറ്റ്ഹൗസ് സ്വീകരിച്ചത്.

സൈബർ ചാരവൃത്തി ഭീഷണി കണക്കിലെടുത്ത് ട്രംപിനൊപ്പം എയർഫോഴ്‌സ് വണ്ണിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെയും വൈറ്റ്ഹൗസ് ജീവനക്കാരുടെയും ഫോണുകൾ അധികൃതർ പിടിച്ചെടുത്തു. സന്ദർശനത്തിനിടെ ഉപയോഗിക്കാൻ നൽകിയ താൽക്കാലിക ഫോണുകൾ നശിപ്പിക്കാനും നടപടിയെടുക്കുന്നുണ്ട്.
ചൈനയിലേക്ക് പുറപ്പെടുന്നതിന് മുൻപും സന്ദർശന വേളയിലും വ്യക്തിഗതവും ഔദ്യോഗികവുമായ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സിഗ്നലുകൾ തടയുന്ന പ്രത്യേക ബാഗുകളിൽ സൂക്ഷിക്കണമെന്ന് മാധ്യമപ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ചൈനയിൽ വിമാനമിറങ്ങുന്നതിന് മുൻപുതന്നെ ചിലർ ഉപകരണങ്ങൾ ഇത്തരം സുരക്ഷാ ബാഗുകളിലേക്ക് മാറ്റുകയും ചെയ്തു. പകരം ചൈനയിൽ ഉപയോഗിക്കുന്നതിനായി ‘ബർണർ ഫോണുകൾ’ എന്നറിയപ്പെടുന്ന താൽക്കാലിക ഫോണുകളാണ് ഇവർക്ക് നൽകിയത്.

ചർച്ചകൾ പൂർത്തിയാക്കി വിമാനം ഷെൻഷെനിൽനിന്ന് മടങ്ങിയതോടെ വൈറ്റ്ഹൗസ് ജീവനക്കാരുടെയും മാധ്യമപ്രവർത്തകരുടെയും കൈവശമുണ്ടായിരുന്ന താൽക്കാലിക ഫോണുകൾ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വാങ്ങി. ഫോണുകൾ പൂർണമായും നശിപ്പിക്കുകയോ അവയിലെ വിവരങ്ങൾ തിരിച്ചെടുക്കാനാകാത്തവിധം മായ്ച്ചുകളയുകയോ ചെയ്യാനാണ് അധികൃതരുടെ നീക്കമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനം അമേരിക്കയിൽ തിരിച്ചെത്തിയ ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അവരുടെ ഔദ്യോഗിക ഫോണുകൾ തിരികെ നൽകിയത്.

ചൈനയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി സൈബർ ആക്രമണത്തിനും ചാരവൃത്തിക്കും സാധ്യതയുണ്ടെന്ന ആശങ്കയാണ് കർശന സുരക്ഷാ നടപടികൾക്ക് പിന്നിലെന്ന് വിമാനത്തിലുണ്ടായിരുന്ന സിബിഎസ് വൈറ്റ്ഹൗസ് റിപ്പോർട്ടർ ജെന്നിഫർ ജേക്കബ്സ് വിശദീകരിച്ചു. അതേസമയം, അമേരിക്കയിൽ തിരിച്ചെത്തിയ പ്രസിഡന്റ് ട്രംപ് ഉടൻ മാധ്യമപ്രവർത്തകരെ കാണുമെന്നാണ് വിവരം. ഐക്യരാഷ്ട്രസഭയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുക, ആഗോള എണ്ണവിതരണം വർധിപ്പിക്കുക, ആണവഭീഷണി കുറയ്ക്കുന്നതിനുള്ള ചർച്ചകൾ തുടരുക തുടങ്ങിയ വിഷയങ്ങളിൽ ഷെൻഷെനിൽ നടന്ന ചരിത്രപരമായ ത്രികക്ഷി കൂടിക്കാഴ്ചയിൽ നേതാക്കൾ ധാരണയിലെത്തിയിരുന്നു.

More Stories from this section

family-dental
witywide