
ഇന്ന് മെയ് 12. ലോക നഴ്സസ് ദിനം. ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് നഴ്സസ് ദിന ആശംസകൾ. ആധുനിക നഴ്‌സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ അമൂല്യമായ സംഭാവനകളെ ആദരിക്കുന്നതിനൊപ്പം അനുകമ്പയുള്ള പരിചരണം നൽകി ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നഴ്‌സുമാരുടെ അശ്രാന്ത പരിശ്രമത്തെ അംഗീകരിക്കാനാണ് ഇത്തരം ദിനം കൊണ്ടാടുന്നത്.
ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) പ്രസിഡൻ്റ് ഡോ. പമേല സിപ്രിയാനോ പ്രഖ്യാപിച്ച 2024-ലെ അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിൻ്റെ തീം “നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവി, പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി” എന്നതാണ്.
1974 മുതലാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) നഴ്‌സസ് ദിനമായി ആചരിക്കാൻ തുടങ്ങിയത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും ആഗോള ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന നഴ്‌സുമാർ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ് എന്നു തന്നെ പറയാം.
ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ നഴ്സുമാർ ലോകത്തിന്റെ എല്ലാ ഭാഗത്തും ജോലി നോക്കുന്നുണ്ട്. ജന്മനാടിൻ്റെ സാമ്പത്തിക നട്ടെല്ലുകൂടിയായി മാറുകയാണ് അങ്ങനെ ഈ നഴ്സുമാർ. ഇത്ര വലിയ ഒരു നഴ്സ് സമൂഹം കേരളത്തിന് പുറത്ത് ജോലി ചെയ്യേണ്ടി വരുന്നത് നമ്മുടെ സംസ്ഥാനത്ത് നഴ്സുമാർ അർഹിക്കുന്ന വേതനമോ സാമൂഹിക സാഹചര്യങ്ങളോ ഇവിടെ ലഭിക്കാത്തതിനാലാണ് എന്ന സത്യം അധികാരികൾ മറക്കരുത്.














