ശബരിമല ട്രാൻസ്‌ജെൻഡർ പ്രവേശനം: ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

ചെന്നൈ: ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്‌ജെൻഡറുകൾക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.

തമിഴ്‌നാട് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് അംഗമായ അനുശ്രീയാണ് കോടതിയെ സമീപിച്ചത്. 2022 മുതൽ എല്ലാ വർഷവും രേഖകൾ പരിശോധിച്ച് തനിക്ക് ശബരിമലയിൽ ദർശനത്തിന് അനുമതി ലഭിച്ചിരുന്നുവെന്നും എന്നാൽ ഈ വർഷം രേഖകളുണ്ടായിട്ടും താനടക്കമുള്ള സംഘത്തെ പമ്പയിലെ ഗണപതി ചെക്ക്‌പോസ്റ്റിൽ തടഞ്ഞുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രപ്രവേശനം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം.

എന്നാൽ, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലായതിനാലും കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരായതിനാലും ഈ വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് മാത്രമേ അധികാരമുള്ളൂവെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, ഹർജിക്കാരിക്ക് വ്യക്തിപരമായി പ്രവേശനം നിഷേധിക്കപ്പെട്ടു എന്ന പരാതി ഉന്നയിക്കുന്നതിനാൽ ഇതിനെ പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

സമാനമായ ആവശ്യമുന്നയിച്ച് മറ്റൊരു ട്രാൻസ്‌ജെൻഡർ ഭക്ത ഇതിനോടകം കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവിടെ കേസ് പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജിക്കാരി ഹർജി പിൻവലിക്കാൻ സന്നദ്ധത അറിയിക്കുകയും കോടതി കേസ് തള്ളുകയുമായിരുന്നു.

Sabarimala Transgender Entry: Madras High Court Dismisses Petition; Directs Petitioner to Approach Kerala High Court

Also Read

More Stories from this section

family-dental
witywide