
കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും മുൻ എൻ.എസ്.ജി ക്യാപ്റ്റനുമായ മേജർ രവി രംഗത്തെത്തി. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ചിരുന്ന മേജർ രവി, അന്നത്തെ സംഭവവികാസങ്ങളെക്കുറിച്ച് നിർണ്ണായക ചോദ്യങ്ങൾ ഉന്നയിക്കുകയും രാഹുൽ ഗാന്ധിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.
ശ്രീപെരുംപത്തൂരിൽ സ്ഫോടനം നടന്ന സമയത്ത് ഒരൊറ്റ കോൺഗ്രസ് നേതാവിന് പോലും പരിക്കേറ്റിട്ടില്ലെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് കോൺഗ്രസ് നേതാക്കൾ അന്ന് ബോധപൂർവം അദ്ദേഹത്തിൽ നിന്ന് അകലം പാലിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും മേജർ രവി ചോദിച്ചു. സുരക്ഷ പിൻവലിച്ചതാണ് ദുരന്തത്തിന് കാരണമെങ്കിൽ അതിന് ആരാണ് ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്നത്തെ വി.പി. സിങ് സർക്കാർ രാജീവ് ഗാന്ധിയുടെ സുരക്ഷ പൂർണ്ണമായി പിൻവലിച്ചിട്ടില്ലെന്നും, 1991-ൽ പോലും മെഹ്റൗളിയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിൽ എൻ.എസ്.ജി ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ തയ്യാറായാൽ രാഹുൽ ഗാന്ധിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ സംഭാഷണത്തിലാണ് പിതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം മനഃപൂർവം സൃഷ്ടിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചത്.
‘Did the leaders stay away knowing that Rajiv Gandhi would be killed? Who is responsible for the withdrawal of security?’ Major Ravi responds sharply to Rahul Gandhi’s allegations.















