മിനസോട്ട: വാശിയേറിയ പോരാട്ടമായി അമേരിക്കന്‍ തെരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു. മിനസോട്ടയിലെ വെയ്റ്റ് പാര്‍ക്കില്‍ പ്രചരണത്തിനായി എത്തിയപ്പോഴായിരുന്നു റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെ.ഡി.വാന്‍സ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു ഭാഗത്ത് ആരാധകരെയും പാര്‍ടി പ്രവര്‍ത്തകരെയും മറുവശത്ത് മാധ്യമങ്ങളെയും കണ്ട വാന്‍സ് ഇങ്ങനെ പറഞ്ഞു. ‘ഇവിടെ മോശം ആളുകളും നല്ല ആളുകളും ഉണ്ട്. അതില്‍ മോശം ആളുകളോടാണ് ഞാന്‍ ആദ്യം സംസാരിക്കാന്‍ പോകുന്നത്’. ഇങ്ങനെ പറഞ്ഞ് വാന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് എത്തി.
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മാധ്യമങ്ങളുടെ സമീപനം ജനാധിപത്യപരമല്ലെന്ന് വാന്‍സ് കുറ്റപ്പെടുത്തി. കമല ഹാരിസിന്റെ പ്രചാരകരായി മാധ്യമങ്ങള്‍ മാറുന്നു. കമല ഹാരിസിനെ പ്രകീര്‍ത്തിക്കാനാണ് മാധ്യമങ്ങളില്‍ ഭൂരിഭാഗവും ശ്രമിക്കുന്നത്. അതേസമയം അമേരിക്കയുടെ നല്ല ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ അവഗണിക്കുകയും ചെയ്യുന്നു. ഇത് ശരിയായ രീതിയല്ല എന്ന് ജെ.ഡി.വാന്‍സ് കുറ്റപ്പെടുത്തി.
കമല ഹാരിസിനെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രകീര്‍ത്തിച്ചത് അടക്കമുള്ള വിഷയങ്ങള്‍ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല, അമേരിക്കയിലെ ചില സര്‍വ്വെ ഫലങ്ങളില്‍ കമല ഹാരിസിന് നല്ല സൂചനകളാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അതിന് പിന്നാലെയാണ് മാധ്യമങ്ങളെ കടന്നാക്രമിച്ച് ജെ.ഡി.വാന്‍സ് രംഗത്തെത്തിയത്.
J D Vance criticizes Media that they shamelessly support Kamala Harris













