ട്വിറ്റര്‍ സ്വന്തമാക്കിയ മസ്‌ക് 6000 ജീവനക്കാരെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: 2022 ലാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ എന്ന സ്ഥാപനം സ്വന്തമാക്കുന്നത്. 44 ബില്യണ്‍ ഡോളറിനായിരുന്നു മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. തുടര്‍ന്ന് പേരുള്‍പ്പെടെ മാറ്റുകയും മറ്റ് നിരവധി മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. എന്നാല്‍ ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ട്വിറ്റര്‍ വാങ്ങിയ മസ്‌ക് 6000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. അന്നുണ്ടായിരുന്ന ജീവനക്കാരുടെ 80 ശതമാനത്തോളം വരും ഇത്. ട്വിറ്റര്‍ ഏറ്റെടുത്ത് മാസങ്ങള്‍ക്കുള്ളിലാണ് ഈ പിരിച്ചുവിടല്‍ നടന്നത്.

പിരിച്ചുവിടും മുമ്പ് ജീവനക്കാര്‍ തന്റെ കമ്പനി കൊടുക്കുന്ന ശമ്പളത്തിന് മൂല്യമുള്ളവരാണോ എന്ന് പരിശോധിക്കാന്‍ രണ്ടുപേരടങ്ങുന്ന ടീമിനെ നിയോഗിച്ചതായും ശേഷം 20 ശതമാനം ആളുകളെ മാത്രം നിലനിര്‍ത്തി 80 ശതമാനംപേരെയും പിരിച്ചുവിടുകയായിരുന്നു.

അതിനിടെ, ചുമതലയേറ്റതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍, കൂടുതല്‍ പണമുണ്ടാക്കാന്‍ തുടങ്ങിയില്ലെങ്കില്‍ പാപ്പരത്തത്തിന് സാധ്യതയുണ്ടെന്ന്’ എലോണ്‍ മസ്‌ക് തന്റെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.