
വാഷിംഗ്ടൺ: ജോർജിയയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് നേതാവും യുഎസ് പ്രതിനിധി സഭാംഗവുമായ ഡേവിഡ് സ്കോട്ട് (80) അന്തരിച്ചു. വാഷിംഗ്ടണിൽ വെച്ചായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടിലേറെയായി ജോർജിയയിലെ 13-ാം ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചിരുന്ന അദ്ദേഹം, അമേരിക്കൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദമായിരുന്നു.
യുഎസ് ഹൗസ് അഗ്രികൾച്ചർ കമ്മിറ്റിയുടെ അധ്യക്ഷനാകുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായിരുന്നു ഡേവിഡ് സ്കോട്ട്. കർഷകർക്കും, വിമുക്തഭടന്മാർക്കും വേണ്ടി നിരവധി നിയമനിർമ്മാണങ്ങളിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. 2003 മുതൽ കോൺഗ്രസ് അംഗമായ അദ്ദേഹം, 13-ാം തവണയും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്കോട്ടിന്റെ ആരോഗ്യനില വഷളായിരുന്നു. പലപ്പോഴും ഒരു സഹായിയുടെ പിന്തുണയോടെ വീൽചെയറിലായിരുന്നു അദ്ദേഹം ക്യാപിറ്റോൾ ഹില്ലിലൂടെ സഞ്ചരിച്ചിരുന്നത്. ഈ വർഷം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം ഒരുങ്ങിയിരുന്നെങ്കിലും, വളരെ കുറഞ്ഞ തുക മാത്രമേ ഫണ്ട് ശേഖരിക്കാൻ സാധിച്ചുള്ളൂ. കൂടാതെ പ്രൈമറി ഘട്ടത്തിൽ നിരവധി വെല്ലുവിളികളും അദ്ദേഹം നേരിട്ടിരുന്നു. തൻ്റെ ഔദ്യോഗിക ജീവിതത്തിൻ്റെ അവസാന നിമിഷം വരെ ജനസേവനത്തിൽ സജീവമായിരുന്ന അദ്ദേഹം, മരണത്തിന് തലേദിവസമാണ് ഹൗസിൽ തൻ്റെ അവസാന വോട്ട് രേഖപ്പെടുത്തിയത്.
സ്കോട്ടിൻ്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. “പ്രതിനിധി ഡേവിഡ് സ്കോട്ടിൻ്റെ വിയോഗ വാർത്തയിൽ ഞങ്ങളെല്ലാവരും അതീവ ദുഃഖിതരാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ജോർജിയയിലെ 13-ാം കോൺഗ്രസ് ഡിസ്ട്രിക്റ്റിലെ ജനങ്ങളെ ഡേവിഡ് വിശ്വസ്തതയോടെ സേവിച്ചു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവർക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിച്ചത്,” ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ബുധനാഴ്ച ഉച്ചയ്ക്ക് എക്‌സിൽ കുറിച്ചു.
അതേസമയം, സ്കോട്ടിൻ്റെ മരണം ഡെമോക്രാറ്റുകൾക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സഭയിൽ നിന്ന് ഒഴിയുന്ന രണ്ടാമത്തെ ഡെമോക്രാറ്റിക് അംഗമാണ് അദ്ദേഹം. ചൊവ്വാഴ്ച, ഫ്ലോറിഡയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഷീല ചെർഫിലസ്-മക്കോർമിക് രാജി വെച്ചിരുന്നു. പ്രചാരണ ഫണ്ടിലെ ക്രമക്കേടുകൾ ഉൾപ്പെടെ 25-ഓളം എത്തിക്‌സ് ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. നിലവിൽ സഭയിൽ 212 ഡെമോക്രാറ്റുകളും, ജിഒപി (GOP) പക്ഷത്തുള്ള സ്വതന്ത്രൻ കെവിൻ കിലി ഉൾപ്പെടെ 218 റിപ്പബ്ലിക്കൻമാരുമാണുള്ളത്. സഭയിലെ ആകെ അംഗബലം 430 ആയി ചുരുങ്ങിയതോടെ, കേവല ഭൂരിപക്ഷത്തിന് 216 വോട്ടുകൾ മതിയാകും.
US Congressman David Scott passes away; African American leader who made history passes away















