അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം; എസ്‌യുവി ഉയർന്നു പൊങ്ങിയത് 20 അടി

സൗത്ത് കരോലിന: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മൂന്ന് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം. സൗത്ത് കരോലിനയിലെ ​ഗ്രിൻവില്ലെ കൗണ്ടിയിലെ ഇന്റർസ്റ്റേറ്റ് 85 ലായിരുന്നു അപകടം. അമിത വേ​ഗത്തിലെത്തിയ കാർ ഡിവൈഡറിലിടിച്ച് അന്തരീക്ഷത്തിൽ 20 അടിയോളം ഉയർന്ന് റോഡിന് വശത്തെ മരത്തിലിടിച്ച് തകരുകയായിരുന്നു. ​ഗുജറാത്ത് ആനന്ദ് നഗർ സ്വദേശികളായ രേഖബെൻ പട്ടേൽ,സം​ഗീത ബെൻ പട്ടേൽ, മനീഷാ ബെൻ രാജേന്ദ്രഭായി പട്ടേൽ എന്നിവരാണ് മരിച്ചത്.

അപകടത്തിന് കാരണം അമിതവേ​ഗം മാത്രമാണെന്നുംമറ്റൊരു വാഹനത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ​ഗ്രിൻവില്ലെ കൗണ്ടി ചീഫ് മൈക്ക് എല്ലിസ് പറഞ്ഞു. . അപകടത്തിൽ കാർ പൂർണമായും തകർന്ന് തരിപ്പണമായ നിലയിലാണ്. വാഹനത്തിന്റെ ഭാ​ഗങ്ങൾ മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. വേ​ഗ പരിധി കടന്ന് പാഞ്ഞ കാർ നാലോ ആറോ സിം​ഗ്നൽ ലൈനുകളിൽ നിർത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി.