
ടെഹ്റാൻ: ഇറാനിലെ പ്രശസ്തമായ ബുഷെഹർ ആണവ നിലയത്തിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സംഘം പരിശോധന നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. രാജ്യത്തെ ഏക സിവിലിയൻ ആണവ നിലയ സ്ഥിതി ചെയ്യുന്ന ബുഷെഹർ നഗരത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പരിശോധന നടന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ആണവ ആയുധങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് ഇറാനെ തടയാനാണ് ഫെബ്രുവരിയിൽ ഇസ്രായേലുമായി ചേർന്ന് യുദ്ധം ആരംഭിച്ചതെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സിവിലിയൻ ആവശ്യങ്ങൾക്കും ഊർജ്ജോത്പാദനത്തിനും വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കും മാത്രമാണ് ആണവ വസ്തുക്കൾ ഉപയോഗിക്കുന്നതെന്നാണ് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കി വരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ യുഎസും ഇസ്രായേലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിലെ ഐ.എ.ഇ.എ പരിശോധനകൾ നിർത്തിവെച്ചിരുന്നു.
ഇറാന്‍റെ ആണവ പരിപാടിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചതായി കഴിഞ്ഞ ആഴ്ച യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് അന്താരാഷ്ട്ര നിരീക്ഷണ ഏജൻസിയുടെ പരിശോധന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. യു.എസ്-ഇറാൻ സംഘർഷങ്ങൾ തുടരുന്നതിനിടയിലെ ഈ പരിശോധന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.















