സൈബർട്രക്ക് ഉൽപ്പാദനം അവസാനിപ്പിക്കാൻ ടെസ്‌ല; ഉപഭോക്താക്കളുടെ അഡ്വാൻസ് തുക തിരികെ നൽകുമെന്ന് ഇലോൺ മസ്ക്

വാഷിംഗ്ടൺ: ഇലക്ട്രിക് പിക്കപ്പ് ട്രക്കായ ‘സൈബർട്രക്കിന്‍റെ’ ഉൽപ്പാദനം അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ടെസ്‌ല. ഉൽപ്പാദന ലക്ഷ്യങ്ങൾ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ചില ഉപഭോക്താക്കൾക്ക് അഡ്വാൻസ് നിക്ഷേപ തുക തിരികെ നൽകുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്ക് അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൈബർട്രക്കിനുള്ള ഓർഡറുകൾ കമ്പനിയുടെ ഉൽപ്പാദന ശേഷിയേക്കാൾ വളരെ കൂടുതലാണെന്ന് മസ്ക് പറഞ്ഞു. വരുന്ന എട്ട് മാസത്തിനുള്ളിൽ പരമാവധി വാഹനങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുമെന്നും, എന്നാൽ ശേഷിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപ തുക തിരികെ നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ റോബോടാക്സി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ടെക്സസിലെ ഫാക്ടറിയിലുള്ള സൈബർട്രക്ക് നിർമ്മാണം 2027 പകുതിയോടെ പൂർണ്ണമായി നിർത്തുമെന്ന് കഴിഞ്ഞ ആഴ്ച മസ്ക് പ്രഖ്യാപിച്ചിരുന്നു.

സൈബർട്രക്ക് നിർമ്മാണം ലാഭകരമല്ലാത്തതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്ന പ്രചാരണങ്ങൾ മസ്ക് തള്ളി. റോബോടാക്സി ഉൽപ്പാദനത്തിലൂടെ കമ്പനിക്ക് ലഭിക്കുന്ന മുൻഗണനയും വരുമാനവുമൊത്തു നോക്കുമ്പോൾ സൈബർട്രക്കിന്റെ സങ്കീർണ്ണതകൾ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉയർന്ന വിലയും കുറഞ്ഞ ആവശ്യകതയും കാരണം ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നതാണെന്ന് വാൾസ്ട്രീറ്റ് അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. 2019-ൽ 69,000 ഡോളർ പ്രാരംഭ വിലയിലാണ് ടെസ്‌ല സൈബർട്രക്ക് വിപണിയിൽ അവതരിപ്പിച്ചത്. സമാനതകളില്ലാത്ത വാഹനമെന്നാണ് സൈബർട്രക്കിനെ കുറിച്ച് മസ്ക് വിശേഷിപ്പിച്ചത്.

More Stories from this section

family-dental
witywide