ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരി ആരെന്നറിയാമോ

ന്യൂഡല്‍ഹി: ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഇന്ത്യയില്‍ ഏറ്റവും പ്രായം കൂടിയ വനിതാ കോടീശ്വരി സുബ്ബമ്മ ജാസ്തിയാണ്. കഴിഞ്ഞ മാസം ആസ്തി 1.1 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍, ഇവര്‍ ഫോബ്സ് പട്ടികയില്‍ തന്റെ അരങ്ങേറ്റം കുറിച്ചു.

ഹൈദരാബാദില്‍ താമസിക്കുന്ന 91 വയസ്സുള്ള സുബ്ബമ്മ ജാസ്തി, സുവെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹസ്ഥാപകനായ വെങ്കിടേശ്വരുലു ജസ്തിയുടെ അമ്മയാണ്. വെങ്കിടേശ്വരുലു ജസ്തി 1970 കളിലും 1980 കളിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും ആറ് കമ്മ്യൂണിറ്റി ഫാര്‍മസികളുടെ ഒരു ശൃംഖല നടത്തിയിരുന്നു.

ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, 2022-ല്‍ സുവന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗണ്യമായ ഓഹരികള്‍ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അഡ്വെന്റ് ഇന്റര്‍നാഷണലിന് വിറ്റതില്‍ നിന്നാണ് സുബ്ബമ്മയുടെ സമ്പത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഭര്‍ത്താവ് സുബ്ബ റാവു ജാസ്തിയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തും സുബ്ബമ്മയ്ക്ക് ലഭിച്ചിരുന്നു. ഫോര്‍ബ്സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 2653ാം റാങ്കാണ് സുബ്ബമ്മയ്ക്കുള്ളത്.

ഇന്ത്യന്‍ വനിതാ ശതകോടീശ്വരിമാരുടെ പട്ടികയില്‍ 34.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി സാവിത്രി ജിന്‍ഡാലാണ് ഒന്നാമത്. സ്റ്റീല്‍, പവര്‍, സിമന്റ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ള ഒരു കൂട്ടായ്മയായ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണാണ് സാവിത്രി ജിന്‍ഡാല്‍.