അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: വോട്ടർമാരെ സ്വാധീനിക്കുന്ന അഞ്ച് പ്രധാന വിഷയങ്ങൾ

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ നിലപാടുകളെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളായി ജീവിതച്ചെലവ്, കുടിയേറ്റം, ഇറാൻ യുദ്ധം, ഡാറ്റാ സെന്ററുകൾ, ആരോഗ്യപരിരക്ഷ എന്നിവ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പൊതുയോഗങ്ങളിലും സംവാദങ്ങളിലും ഈ വിഷയങ്ങൾ ആവർത്തിച്ച് ഉയർന്നുവന്നു.

ജീവിതച്ചെലവ്: ഇന്ധനവില വർധനയും ദൈനംദിന സാധനങ്ങളുടെ വിലക്കയറ്റവും അമേരിക്കൻ വോട്ടർമാർക്കിടയിൽ വലിയ ആശങ്കയാണ്. ഇറാൻ യുദ്ധവും ട്രംപ് ഭരണകൂടത്തിന്റെ ഇറക്കുമതി തീരുവകളും ഊർജവില വർധനയ്ക്ക് കാരണമായിട്ടുണ്ട്.

കുടിയേറ്റം: അതിർത്തി നിയന്ത്രണം ശക്തമാക്കുമെന്ന വാഗ്ദാനം ട്രംപ് നടപ്പാക്കിയെന്നും അധികാരത്തിലെത്തിയശേഷം കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും റിപ്പബ്ലിക്കൻ പാർട്ടി അവകാശപ്പെടുന്നു. എന്നാൽ കുടിയേറ്റത്തിനെതിരായ നടപടികൾ അതിരുകടന്നെന്ന വിമർശനവും ഉയരുന്നുണ്ട്.

ഇറാൻ യുദ്ധം: യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ വ്യാപിക്കുകയും അമേരിക്കയിലെ ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്തതോടെ സംഘർഷത്തിനെതിരായ ജനവികാരം ശക്തമായി. അതേസമയം ഇറാനെതിരെ നിർണായക നടപടി സ്വീകരിച്ച ട്രംപിനെ ചില വോട്ടർമാർ പിന്തുണയ്ക്കുന്നുണ്ട്.

ഡാറ്റാ സെന്ററുകൾ: ഡാറ്റാ സെന്ററുകളുടെ നിർമാണത്തിനെതിരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ വോട്ടർമാർ ഒരുപോലെ ഇതിനെതിരെ രംഗത്തെത്തുന്നത് ശ്രദ്ധേയമാണ്.

ആരോഗ്യപരിരക്ഷ: ആരോഗ്യ ഇൻഷുറൻസ് ചെലവിലെ വർധനയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. അതേസമയം, കുറിപ്പടി മരുന്നുകളുടെ വില കുറയ്ക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണ വിഷയം.

US Midterm Elections: Five Key Issues Influencing Voters

More Stories from this section

family-dental
witywide