അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾക്ക് മുൻതൂക്കമെന്ന് പ്രവചനങ്ങൾ

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കമെന്ന് പ്രവചനങ്ങൾ. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും അധികാരസന്തുലിതാവസ്ഥ നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്നാണ് വോട്ടെടുപ്പ്. 23 കോടിയിലധികം വോട്ടർമാർക്ക് സമ്മതിദാനാവകാശമുള്ള തിരഞ്ഞെടുപ്പിൽ നിർണായക സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾ മുന്നിലാണെന്നാണ് പ്രവചനങ്ങൾ. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കുമാണ് മത്സരം. 36 സംസ്ഥാനങ്ങളിൽ ഗവർണർമാരെയും തിരഞ്ഞെടുക്കും.

നിലവിൽ കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. എബിസി ന്യൂസ് റിപ്പോർട്ട് പ്രകാരം 5.7 കോടിയിലധികം പേർ നേരത്തെയുള്ള വോട്ടെടുപ്പിലൂടെ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തപാൽ വോട്ടിലൂടെയും തിരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തിയും വോട്ട് ചെയ്യാം.അടുത്ത രണ്ടുവർഷത്തേക്ക് കോൺഗ്രസിന്റെ നിയന്ത്രണം ഏത് പാർട്ടിക്കായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് തീരുമാനിക്കും. സെനറ്റിൽ ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് നാല് സീറ്റും ജനപ്രതിനിധി സഭയിൽ മൂന്ന് സീറ്റും അധികമായി നേടണം.

അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യൻ നേറ്റ് സിൽവറിന്റെയും FLIPR 2026 പ്രവചനത്തിന്റെയും കണക്കുകൾ പ്രകാരം ടെക്സസ്, ഒഹായോ, മിഷിഗൺ, മെയ്ൻ, അയോവ എന്നീ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾ മുന്നിലാണ്. ടെക്സസിൽ 3.3 ശതമാനവും ഒഹായോയിൽ മൂന്ന് ശതമാനവും മിഷിഗണിൽ 4.9 ശതമാനവും മെയ്‌നിൽ 3.9 ശതമാനവും അയോവയിൽ 1.1 ശതമാനവുമാണ് ഡെമോക്രാറ്റുകളുടെ ലീഡ്. കൻസസിലെ സെനറ്റ് പോരാട്ടത്തിലും ഡെമോക്രാറ്റിക് സ്ഥാനാർഥിക്ക് നാല് ശതമാനം മുൻതൂക്കമുണ്ട്. സെനറ്റിലേക്കുള്ള പ്രധാന പോരാട്ടങ്ങളിൽ മിഷിഗണിൽ ഡെമോക്രാറ്റ് അബ്ദുൽ എൽ-സയ്ദും റിപ്പബ്ലിക്കൻ മൈക്ക് റോജേഴ്സും ഏറ്റുമുട്ടും.

ഫ്ലോറിഡയിൽ ആൻജി നിക്സണും റിപ്പബ്ലിക്കൻ സെനറ്റർ ആഷ്‌ലി മൂഡിയും തമ്മിലാണ് മത്സരം. ജോർജിയയിൽ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫും റിപ്പബ്ലിക്കൻ മൈക്ക് കോളിൻസും ഏറ്റുമുട്ടും.മെയ്‌നിൽ റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസിനെ ഡെമോക്രാറ്റ് ട്രോയ് ജാക്സൺ നേരിടും. ന്യൂ ഹാംഷെയറിൽ ഡെമോക്രാറ്റ് ക്രിസ് പാപ്പസും മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ സുനുനുവും മത്സരിക്കും. നോർത്ത് കരോലിനയിൽ റോയ് കൂപ്പറും മൈക്കൽ വാട്ലിയും തമ്മിലാണ് പോരാട്ടം.

സംസ്ഥാനങ്ങൾക്കനുസരിച്ച് വോട്ടെടുപ്പ് സമയത്തിലും വ്യത്യാസമുണ്ട്. വെർമോണ്ടിൽ പ്രാദേശിക സമയം രാവിലെ അഞ്ചിന് പോളിങ് ആരംഭിക്കും. ന്യൂജേഴ്‌സി, വിർജീനിയ, കണക്റ്റിക്കട്ട്, കെന്റക്കി എന്നിവിടങ്ങളിൽ രാവിലെ ആറിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. ജോർജിയ, ഫ്ലോറിഡ, പെൻസിൽവാനിയ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ രാവിലെ ആറിനും ഏഴിനുമിടയിൽ പോളിങ് ആരംഭിക്കും. മിഷിഗണിൽ രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. ഇന്ത്യാന, കെന്റക്കി എന്നിവിടങ്ങളിൽ വൈകിട്ട് ആറിനാണ് പോളിങ് അവസാനിക്കുക. മിഷിഗണിൽ രാത്രി എട്ടിനും കൻസസിൽ വൈകിട്ട് ഏഴിനും അയോവയിൽ രാത്രി എട്ടിനും വോട്ടെടുപ്പ് അവസാനിക്കും.

വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ചൊവ്വാഴ്ച തന്നെ ആദ്യ ഫലങ്ങൾ പുറത്തുവന്നുതുടങ്ങും. എന്നാൽ തപാൽ വോട്ടുകളും താൽക്കാലിക ബാലറ്റുകളും എണ്ണിത്തീർക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ ചില മണ്ഡലങ്ങളിലെ അന്തിമഫലം പുറത്തുവരാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവന്നേക്കാം.

US midterm elections forecasts put Democrats ahead in Senate and House races

More Stories from this section

family-dental
witywide