ട്രംപ്–സെലൻസ്കി ഭിന്നതകൾക്കിടെ യുക്രെയ്‌നുള്ള ആയുധസഹായത്തിന് നാറ്റോ രാജ്യങ്ങളോട് കൂടുതൽ പണം ആവശ്യപ്പെടാനൊരുങ്ങി യുഎസ്

വാഷിങ്ടൺ: യുക്രെയ്‌നുള്ള ആയുധവിതരണത്തിനായി നാറ്റോ അംഗരാജ്യങ്ങളോട് കൂടുതൽ പണം ആവശ്യപ്പെടാനൊരുങ്ങി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും തമ്മിലുള്ള ഭിന്നതകൾ തുടരുന്നതിനിടെയാണ് നീക്കം. യുക്രെയ്‌നുള്ള അമേരിക്കയുടെ സൈനിക സഹായം തുടരുന്നുവെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നാറ്റോയുടെ പ്രയോറിറ്റൈസ്ഡ് യുക്രെയ്ൻ റിക്വയർമെന്റ്സ് ലിസ്റ്റ് (PURL) പദ്ധതിയിലേക്ക് ഈ മാസം തന്നെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടേക്കുമെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം ചില അംഗരാജ്യങ്ങളെ അമേരിക്ക അറിയിച്ചിട്ടുണ്ട്. എത്ര തുകയാണ് ആവശ്യപ്പെടുകയെന്ന് വ്യക്തമല്ലെങ്കിലും നേരത്തെ അംഗീകരിച്ച ആയുധ പാക്കേജുകൾക്കായി ഏകദേശം 200 കോടി ഡോളറിന്റെ ധനക്കുറവുണ്ടെന്നാണ് വിവരം. സഖ്യരാജ്യങ്ങളിൽനിന്ന് പണം ലഭിക്കുന്നതിന് മുമ്പുതന്നെ അമേരിക്ക യുക്രെയ്‌നിലേക്ക് ആയുധങ്ങൾ എത്തിക്കുന്നുണ്ട്.

പെന്റഗൺ കൂടുതൽ ആയുധങ്ങൾ കൈമാറാൻ തീരുമാനിച്ചാൽ സാമ്പത്തിക ബാധ്യത ഇനിയും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്‌ന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള നാറ്റോയുടെ പ്രധാന പദ്ധതിയാണ് PURL. ഇതിലൂടെ അംഗരാജ്യങ്ങൾ അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്നതിനുള്ള പണം നൽകുകയും അവ യുക്രെയ്‌നിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും നേരത്തെ ഈ പദ്ധതിയിലൂടെ കൈമാറിയിട്ടുണ്ട്.

ട്രംപും സെലൻസ്കിയും തമ്മിലുള്ള വാക്പോര് ആയുധവിതരണത്തെ ബാധിച്ചിട്ടില്ലെന്നാണ് പുതിയ നീക്കം സൂചിപ്പിക്കുന്നത്. സെലൻസ്കി സ്ഥാനമൊഴിയണമെന്ന് ട്രംപും സ്പേസ് എക്സ് മേധാവി ഇലോൺ മസ്കും നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്ൻ സൈന്യത്തിന്റെ നിർണായക ആശയവിനിമയ സംവിധാനമായ സ്റ്റാർലിങ്കിന്റെ വേഗം അമേരിക്ക കുറച്ചെന്നും പാട്രിയറ്റ് മിസൈലുകളുടെ വിതരണം വൈകിപ്പിച്ചെന്നും സെലൻസ്കി ആരോപിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നത് അമേരിക്ക ഇടയ്ക്കിടെ നിർത്തിവച്ചതായും യുക്രെയ്ൻ ആരോപിച്ചെങ്കിലും യുഎസ് നിഷേധിച്ചു.

അമേരിക്കയുടെ പ്രതിരോധ സഹായവും ട്രംപിന്റെ പരാമർശങ്ങളും തമ്മിലുള്ള വൈരുധ്യം നാറ്റോ രാജ്യങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിനിടെ കൂടുതൽ പണം ചെലവഴിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കും താൽപര്യം കുറയുന്നുണ്ട്. സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഈ വർഷമോ അടുത്ത വർഷമോ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ മാസം റഷ്യയുടെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കു നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ PURL പദ്ധതിയിലൂടെയുള്ള ആയുധവിതരണം നിർത്തിവയ്ക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ, ഭീഷണി നടപ്പാക്കിയില്ലെന്നും ആയുധവിതരണം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കാനഡ, ജർമനി, നോർവേ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ യുക്രെയ്‌നിന് 210 കോടി ഡോളറിന്റെ പാട്രിയറ്റ് മിസൈലുകൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച അനുമതി നൽകി. എന്നാൽ ഇത്തരം സൈനിക ഇടപാടുകൾക്ക് അനുമതി ലഭിച്ചാലും ആയുധങ്ങൾ കൈമാറാൻ സാധാരണയായി വർഷങ്ങളെടുക്കും.

US plans to ask NATO allies for more money for Ukraine arms deliveries amid lingering Trump-Zelenskyy tensions

More Stories from this section

family-dental
witywide