‘ചേട്ടനായിപ്പോയി, അല്ലെങ്കില്‍ അടി കൊടുക്കുമായിരുന്നു’; മുരളീധരനെതിരെ പദ്മജ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്‍റെ ‘വര്‍ക് അറ്റ് ഹോം’ പരാമര്‍ശത്തിനെതിരെ പദ്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പദ്മജ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം തിരുവനന്തപുരത്തെത്തിയ പദ്മജ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തന്‍റെ ആരോഗ്യ പ്രശ്‌നം അടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിന് വേണ്ടിയാണ്. മൂന്ന്, നാല് പാര്‍ട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലെത്തുമെന്നും പദ്മജ വ്യക്തമാക്കി.

“എത്രയോ പേർ കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി വിട്ടുപോയി. അച്ഛന്‍ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പക്ഷെ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തില്‍ നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു,” കെപിസിസി അധ്യക്ഷന്‍റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞെന്നും പദ്മജ പറഞ്ഞു.