
തിരുവനന്തപുരം: ബിജെപിയിൽ അർഹമായ പരിഗണനയോ പ്രധാന പദവികളോ ലഭിക്കുന്നില്ലെന്ന അതൃപ്തിയെത്തുടർന്ന് ദേശീയ കൗൺസിൽ അംഗം പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നു. രാജി തീരുമാനം തടയാൻ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന നേതാക്കൾ പത്മജയുമായി സമവായ നീക്കങ്ങൾ ആരംഭിച്ചു. എന്നാൽ, പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പത്മജ ഉടൻ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ട് രാജിക്കത്ത് നൽകാൻ പത്മജ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ആറു മാസങ്ങൾക്ക് മുൻപ് തന്നെ രാജി സംബന്ധിച്ച ആലോചനകൾ പത്മജ നടത്തിയിരുന്നെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, പാർട്ടി നേതാക്കളിൽ നിന്നും തുടർച്ചയായ അവഗണന നേരിട്ടതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ നിർബന്ധിതയായത്.
സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് എത്തുന്നവർക്ക് നൽകുന്ന പരിഗണന കോൺഗ്രസിൽ നിന്നും എത്തിയവർക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമാണ്. പത്മജയ്ക്ക് പിന്നാലെ, മുൻപ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ കൂടുതൽ നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം, പത്മജ പാർട്ടി വിട്ടുപോകട്ടെ എന്ന നിലപാടാണ് സംസ്ഥാനത്തെ ഭൂരിപക്ഷം ബിജെപി നേതാക്കൾക്കുമുള്ളതെന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്. പത്മജ കോൺഗ്രസിലേക്ക് മടങ്ങുന്നത് യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കിയില്ലെങ്കിലും, അത് ബിജെപിക്ക് വലിയ രാഷ്ട്രീയ ക്ഷീണമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Padmaja Venugopal is set to leave the BJP; the leadership is making efforts to reach a compromise.















