ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഫോണിൽ സംസാരിച്ച് നിലപാട് അറിയിച്ച പത്മജ രാജിക്കത്ത് ഇമെയിൽ വഴി കൈമാറി. വിദേശസന്ദർശനത്തിലുള്ള രാജീവ് ചന്ദ്രശേഖറിനെയാണ് പത്മജ ഫോണിൽ ബന്ധപ്പെട്ടത്. ബിജെപിയുടെ ആശയങ്ങളുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നാണ് പാർട്ടി വിടാനുള്ള കാരണമായി പത്മജ വ്യക്തമാക്കിയത്.

കെ. കരുണാകരന്റെ മകൾ കോൺഗ്രസിൽ തന്നെ തുടരണമെന്ന ആവശ്യം കുടുംബത്തിനുള്ളിൽ നിന്നടക്കം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി വിടുന്നതെന്നും പത്മജ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, പത്മജ തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാജിവച്ചശേഷം കോൺഗ്രസിലേക്ക് മടങ്ങിവരണമെന്ന ആവശ്യം ഉന്നയിച്ചാൽ അത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മജ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹം ശക്തമായതോടെ തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ എതിർപ്പും ഉയർന്നിട്ടുണ്ട്. പത്മജയെ തിരിച്ചെടുക്കരുതെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. അതേസമയം, പത്മജയ്ക്കൊപ്പം ബിജെപിയിലെത്തുകയും തൃശൂർ ജില്ലാ തലത്തിൽ ഭാരവാഹിത്വം ലഭിക്കുകയും ചെയ്തവരും രാജിവച്ച് കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.