യുഎസ് വിമാനത്തില്‍ യാത്രക്കാരന് കുത്തേറ്റു, കൊല്ലാനാണ് കുത്തിയതെന്ന് സഹയാത്രികന്‍

ന്യൂയോര്‍ക്ക്: സിയാറ്റിലില്‍ നിന്ന് ലാസ് വെഗാസിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലെ ഒരു യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ അക്രമാസക്തമായ യാത്രികനാണ് സഹയാത്രികനെ യാത്രയ്ക്കിടെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 24 ന് ലാസ് വെഗാസിലെ ഹാരി റീഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ജൂലിയോ അല്‍വാരസ് ലോപ്പസ് എന്നയാള്‍ അറസ്റ്റിലായി. കൊലപ്പെടുത്താന്‍ തന്നെയാണ് കുത്തിയതെന്നാണ് പിടിയിലായ ശേഷം ഇയാള്‍ പറഞ്ഞത്.

യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഫ്‌ളൈറ്റിലെ മറ്റ് യാത്രക്കാര്‍ പറയുന്നു. കൂടുതല്‍ തവണ ബാത്ത്റൂം ഉപയോഗിച്ച ഇയാളെ ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ ബാത്ത്‌റൂമില്‍ പോയി മടങ്ങിവന്നപ്പോള്‍ വിമാനത്തിലെ ഒരു യാത്രക്കാരനെ ഉപദ്രവിക്കുകയും കുത്തുകയുമായിരുന്നു. അയാള്‍ തന്നെ പിന്തുടരുന്നുവെന്ന തോന്നലിലാണ് താന്‍ ഇതു ചെയ്തതെന്നും ലോപ്പസ് പോലീസിനോട് പറഞ്ഞു.