
ഡൽഹി: കുവൈത്ത് സന്ദർശനം പൂർത്തിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷങ്ങളിൽ സജീവമായി. ക്രൈസ്തവ സഭാ നേതാക്കളുമൊത്ത് രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നു. സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്‍റെ സന്ദേശം. അത് ശക്തിപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും സമൂഹത്തിൽ അക്രമം നടത്തുന്ന ശ്രമങ്ങളിൽ വേദനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർദിനാൾ പദവിയിൽ എത്തിയ മാർ ജോർജ് കൂവക്കാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു. ഭാരത പുത്രൻ കർദിനാളായതിൽ രാജ്യത്തിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും മോദി വിവരിച്ചു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പ്രധാനമന്ത്രി ഡല്‍ഹി ബിഷപ്പ് കോണ്‍ഫറന്‍സ് ആസ്ഥാനത്തെത്തിയത്. സി.ബി.സി.ഐ. അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി. സിബിസിഐ അധ്യക്ഷന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കര്‍ദ്ദിനാള്‍മാരായ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ആന്‍റണി പൂല, മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ദില്ലി ആര്‍ച്ച് ബിഷപ്പ് മാര്‍ അനില്‍ കൂട്ടോ, സിബിസിഐ ഭാരവാഹികളായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആന്‍റണി സാമി, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ഫാ മാത്യു കോയിക്കല്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാക്കളായ ടോം വടക്കന്‍, അനില്‍ ആന്‍റണി, അനൂപ് ആന്‍റണി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.












