
ഓടുന്ന വണ്ടിയിലും പാർക്കിങ് സ്ലോട്ടുകളിലും പൊതു ഇടങ്ങളിലും കുട്ടികൾ നെർഫ് വാർ എന്നറിയപ്പെടുന്ന ന്യൂജനറേഷൻ ഗെയിം കളിക്കുന്നത് നാട്ടുകാർക്ക് തലവേദന സൃഷ്ടിക്കുന്നു. ദിവസവും പരാതിയുമായി നിരവധി ഫോൺകോളുകളാണ് പൊലീസിന് ലഭിക്കുന്നത്. നെർഫ് ഗൺ എന്ന് അറിയപ്പെടുന്ന കളിത്തോക്ക് ഉപയോഗിച്ച് കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തുന്ന യുദ്ധമാണ് നെർഫ് വാർ. ചില ഓൺലൈൻ ഗെയിമുകളുമായി പല സാമാനതകളും ഇതിനുമുണ്ട്. യുദ്ധം മുറുകി കഴിയുമ്പോൾ യോദ്ധാക്കൾ കാറിൽ കയറി യുദ്ധം തുടരും. സീറ്റ് ബെൽറ്റ് ഇടാതെയും ട്രാഫിക് തടസ്സങ്ങൾ സൃഷ്ടിച്ചും യുദ്ധം മുറുകുമ്പോൾ കുടുക്കിലായി പോകുന്നത് സാധാരണക്കാരാണ്. പല നെർഫ് ഗണ്ണുകളും യഥാർഥ ഗണ്ണിനെപോലെ ഇരിക്കുന്നതിനാൽ പലരും തെറ്റുദ്ധരിച്ച്, വെടിവയ്പ്പു നടക്കുമെന്ന് ഭയന്ന് പൊലീസിനെ വിളിക്കാറുണ്ട്. സീനിയർ അസാസിൻ പോലുള്ള നെർഫ് വാറുകളാണ് കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്.
ഈ ഗെയിമിന്റെ അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മാതാപിതാക്കളോടും കമ്മ്യൂണിറ്റി അംഗങ്ങളോടും പൊലീസ് പല തവണ അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മിനസോട്ട, ഈഡൻ പ്രയറിയിലെ പൊലീസിന് ഇതു സംബന്ധിച്ച് 11 പരാതികൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്.
“നിരുപദ്രവം എന്നു തോന്നുമെങ്കിലും കളിയിൽ മാത്രം ശ്രദ്ധിക്കുന്ന കുട്ടികൾക്ക് ഡ്രൈവിങ് പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ നഷ്ടമാവുകയും അപകടം ഉണ്ടാവുകയും ചെയ്യും. അങ്ങനെ ഗെയിം അപകടകരമാകും. നെർഫ് ഗെയിമിൽ പങ്കെടുക്കുന്നവർ പലപ്പോഴും അശ്രദ്ധമായി വാഹനം ഓടിക്കുന്നു, സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കാൻ മറക്കുന്നു, അപകടകരമായ വേഗതയിൽ ഡ്രൈവ് ചെയ്യുന്നു. മറ്റുള്ള വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു.” പൊലീസ് പറയുന്നു. കഴിഞ്ഞമാസം നെർഫ് ഗണ്ണുമായി നടന്ന ഒരു വ്യക്തിയെ ബ്രൂക്ലിൻ പാർക്കിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യഥാർഥ അക്രമിയെന്ന് കരുതിയാണ് അത് സംഭവിച്ചത്.
പൊലീസ് നിർദേശങ്ങൾ
- ഓടുന്ന വാഹനങ്ങളിലിരുന്ന് നെർഫ് വാർ കളിക്കരുത്. ഡ്രൈവ് ചെയ്യുക അല്ലെങ്കിലും ഇത് അനുവദിക്കില്ല
- പൊതു ഇടങ്ങളിലും നിങ്ങളുടെ പരിസരങ്ങളിലും ഇതു കളിക്കുമ്പോൾ മാറ്റാർക്കും തടസ്സമുണ്ടാക്കില്ല എന്ന് ഉറപ്പു വരുത്തുക.
- കടും നിറമുള്ള നേർഫ് തോക്കുകൾ ഉപയോഗിക്കുക
- പൊലീസ് നിങ്ങളെ സമീപിക്കുകയാണെങ്കിൽ തോക്ക് താഴെ ഇടുകയും പൊലീസിൻ്റെ നിർദേശം അനുസരിക്കുകയും വേണം
police Warn About Student game Nerf War In Us















