
ന്യൂഡൽഹി: ഫേസ്ബുക്കിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം ക്ഷമാപണം നടത്തണമെന്ന് പാർലമെൻ്ററി സമിതിയുടെ കർശന നിർദ്ദേശം. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റിയാണ് മെറ്റായ്ക്ക് അന്ത്യശാസനം നൽകിയത്. നിർദ്ദേശം പാലിച്ചില്ലെങ്കിൽ ഫേസ്ബുക്കിനുള്ള ‘സേഫ് ഹാർബർ’ നിയമപരിരക്ഷ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികളിലേക്ക് സർക്കാർ കടക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ജൂലൈ 23-ന് രാജ്യത്തെ പേപ്പർ ചോർച്ച വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പങ്കുവെച്ച സെൽഫി വീഡിയോ ഫേസ്ബുക്ക് താൽക്കാലികമായി നിയന്ത്രിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. 140 കോടി ജനങ്ങളുടെ പ്രതിനിധിക്കുനേരെയുള്ള കടന്നാക്രമണവും ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ് ഫേസ്ബുക്കിൻ്റെ നടപടിയെന്ന് പാർലമെൻ്ററി സമിതി വിലയിരുത്തി. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതിക തകരാർ മൂലമാണ് വീഡിയോ ദൃശ്യമാകാതിരുന്നതെന്ന മെറ്റാ അധികൃതരുടെ വിശദീകരണം കേന്ദ്ര ഐടി മന്ത്രാലയം തള്ളി. ഒരു പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയിൽ നിന്ന് ഇത്തരം വീഴ്ചകൾ ഉണ്ടാകരുതെന്നും സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമപരിരക്ഷ നഷ്ടമായാൽ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങളുടെ പേരിൽ ഫേസ്ബുക്കിനും അതിൻ്റെ ഉദ്യോഗസ്ഥർക്കുമെതിരെ നേരിട്ട് ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കും.ഇതോടൊപ്പം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങളും സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അശ്ലീല ഉള്ളടക്കങ്ങളും മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ ഗൂഗിൾ, എക്സ് (ട്വിറ്റർ), യൂട്യൂബ്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ എല്ലാ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും സമിതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് മെറ്റായ്ക്കെതിരെയും, തട്ടിപ്പ് സാമ്പത്തിക ആപ്പുകൾ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയതിന് ഗൂഗിളിനെതിരെയും തെലങ്കാന പൊലീസ് കേസെടുത്തിട്ടുണ്ട്.
Removing Prime Minister’s video is an ‘invasion of democracy’, Zuckerberg must apologize within three days, says parliamentary committee















