ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇടക്കാല കരാർ; പ്രഖ്യാപനം ഉടൻ, ഇറാന് കൂടുതൽ നിയന്ത്രണങ്ങൾ നൽകും, എണ്ണവില താഴേക്ക്

വാഷിംഗ്ടൺ: ആഗോള വാണിജ്യ മേഖലയ്ക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട്, മാസങ്ങളായി അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അന്താരാഷ്ട്ര തലത്തിൽ താൽക്കാലിക ധാരണയായെന്ന് റിപ്പോർട്ടുകൾ. അമേരിക്ക, ഇറാൻ, ഒമാൻ എന്നീ രാജ്യങ്ങൾ തമ്മിൽ നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് പുതിയ ഇടക്കാല കരാറിന് രൂപം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (ബുധനാഴ്ച) യു.എസ് ഭരണകൂടം നടത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധത്തിന് മുമ്പുള്ള സാഹചര്യത്തെ അപേക്ഷിച്ച്, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ ഇറാന് കൂടുതൽ മേൽക്കൈയും നിയന്ത്രണാധികാരവും നൽകുന്ന രീതിയിലാണ് പുതിയ കരാർ വ്യവസ്ഥകൾ തയ്യാറാക്കിയിരിക്കുന്നത്.

താൽക്കാലികമായി 60 ദിവസത്തേക്ക് പ്രാബല്യത്തിൽ വരുന്ന ഈ കരാർ പ്രകാരം കപ്പൽ ഗതാഗതത്തിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന എല്ലാ വാണിജ്യ കപ്പലുകളും ഇറാൻ്റെ സമുദ്ര അതിർത്തിക്കുള്ളിലെ വടക്കൻ പാതയിലൂടെ മാത്രമേ കടന്നുപോകാൻ അനുവദിക്കൂ. ഈ കപ്പലുകളിൽ ഇറാൻ്റെ കർശന നിരീക്ഷണമുണ്ടാകും. അതേസമയം, ഗൾഫിൽ നിന്ന് പുറത്തേക്ക് പോകുന്ന കപ്പലുകൾ ഒമാൻ്റെ അതിർത്തിയിലുള്ള തെക്കൻ പാതയിലൂടെ സഞ്ചരിക്കുമെങ്കിലും, ഇതിൻ്റെ ഏകോപന ചുമതല ഇറാൻ്റെ കൂടി മേൽനോട്ടത്തിലായിരിക്കും.

കരാർ നിലവിലുള്ള 60 ദിവസത്തേക്ക് കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ടോളോ ഫീസോ ഈടാക്കാൻ ഇറാനെ അനുവദിക്കില്ല എന്ന് അമേരിക്ക വ്യവസ്ഥ വെച്ചിട്ടുണ്ട്. കൂടാതെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി, അടുത്ത 30 ദിവസത്തിനുള്ളിൽ കടലിടുക്കിൻ്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കടൽ മൈനുകൾ നീക്കം ചെയ്യാനുള്ള സംയുക്ത പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനുശേഷമായിരിക്കും ഒമാനും ഇറാനും ചേർന്ന് സ്ഥിരമായ യാത്രാപാത തീരുമാനിക്കുക.

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖമേനിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും ഈ താൽക്കാലിക കരാറിന് ഇതിനകം തന്നെ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലാണ് ഈ നയതന്ത്ര ചർച്ചകൾ അന്തിമഘട്ടത്തിലെത്തിച്ചത്. കരാർ ഔദ്യോഗികമായി നിലവിൽ വരുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറയുമെന്നും ആഗോള ചരക്കുനീക്കം വേഗത്തിലാകുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. ബ്രെന്റ് വില ബാരലിന് 80 ഡോളറിൽ താഴെയെത്തി. രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് ബ്രെന്റ് വില ഇത്രയും താഴെയെത്തുന്നത്. ഡബ്ല്യുടിഐ ബാരലിന് 75 ഡോളറിലെത്തി. മർബൻ 76 ഡോളറിലാണ്. എണ്ണവില ഇടിഞ്ഞത് പണപ്പെരുപ്പ ഭീഷണി കുറച്ചിട്ടുണ്ട്. പിന്നാലെ യുഎസ് കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടവും കുറഞ്ഞു. ഈ മാസത്തിന്റെ തുടക്കത്തിൽ റെക്കോർഡ് ഉയരത്തിലായിരുന്നു ഇത്.

Interim deal to reopen Strait of Hormuz; Announcement soon, more restrictions on Iran

Also Read

More Stories from this section

family-dental
witywide