
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ ലോകത്തെ കീഴ്മേൽ മറിച്ചിട്ടിരിക്കുകയാണ്. ഇപ്പോഴിതാ മലയാളത്തിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി തമിഴ് താരം രാധിക ശരത്കുമാർ രംഗത്തെത്തിയിരിക്കുന്നു. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. “സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ ആസ്വദിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. ഭയംകാരണം ഞാൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയി,”ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ.
വട്ടംകൂടിയിരുന്ന് പുരുഷന്മാർ നഗ്നദൃശ്യങ്ങൾ ആസ്വദിക്കുന്നത് കണ്ടതോടെ ശക്തമായി പ്രതികരിച്ചെന്ന് രാധിക ശരത്കുമാർ പറയുന്നു. ചെരിപ്പൂരി അടിക്കുമെന്ന് പറഞ്ഞു. പിന്നീട് ഭയം കാരണം കാരവൻ ഉപയോഗിച്ചില്ല. ഹോട്ടലിൽ പോയാണ് വസ്ത്രം മാറിയതെന്നും അവർ പറയുന്നു. നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോൾഡറുകൾ പോലുമുണ്ടെന്നാണ് വെളിപ്പെടുത്തൽ.
എന്നാൽ ഏത് ചിത്രത്തിന്റെ സെറ്റിലാണ് ഇത് കണ്ടതെന്ന് അവർ വെളിപ്പെടുത്തിയുമില്ല. ദിലീപ് ചിത്രമായ രാമലീലയിലും പവി കെയർ ടേക്കറിലും രാധിക അടുത്ത കാലത്ത് അഭിനയിച്ചിരുന്നു. ഇതിനൊപ്പം മോഹൻലാൽ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഗാംബിനോസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2017 മുതൽ 2024വരെയുള്ള കാലയളവിലാണ് രാധിക ഈ സിനിമകളിൽ അഭിനയിച്ചത്.രാധികയുടെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് സൂചന.
അതേസമയം, ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയിൽ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരിൽ ഇത്തരക്കാരില്ലേ, അവരോട് നമ്മൾ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.















