
സൗത്ത് ഫ്‌ളോറിഡ: നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2024 വര്‍ഷത്തെ അംഗങ്ങളുടെ അടിയന്തിര പൊതുയോഗം പ്രസിഡന്റ് പനങ്ങയില്‍ ഏലിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംഘടനയെ അസ്ഥിരപ്പെടുത്തുവാന്‍ സ്ഥാപിത താല്പര്യക്കാരായ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ പൊതുയോഗം ചര്‍ച്ച ചെയ്തു. സംഘടനാവിരുദ്ധ പ്രവര്‍ത്തികളില്‍ തുടര്‍ച്ചയായി ഏര്‍പ്പെട്ടു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍, സുശീല്‍ നാലകത്തു (വൈസ് പ്രസിഡന്റ്), സൈമണ്‍ പറത്താഴം (ട്രഷറാര്‍) എന്നിവരെയും, ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ഷിബു സ്‌കറിയ (എക്‌സ് ഒഫീഷ്യോ, തെരഞ്ഞെടുപ്പ് കമ്മീഷന്‍), ജെയിന്‍ വതിയേലില്‍ (തെരഞ്ഞെടുപ്പ് കമ്മീഷന്‍), ഇവരോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ച ചില കമ്മറ്റി അംഗങ്ങള്‍ എന്നിവരെ തങ്ങളുടെ എല്ലാ ഉത്തരവാദിത്വത്തില്‍ നിന്ന് പുറത്താക്കുവാനും 5 വര്‍ഷത്തേക്ക് സംഘടനയുടെ ഭാരവാഹിത്വങ്ങള്‍ വഹിക്കുന്നതില്‍നിന്നും വിലക്കുകയും ചെയ്തു. രാജന്‍ ജോര്‍ജിനെ പുതിയ ട്രഷറാര്‍ ആയി പൊതുയോഗം തിരഞ്ഞെടുത്തു.
കൂടാതെ 2023 വര്‍ഷത്തിലെ സംഘടനയുടെ വരവ് ചിലവ് കണക്കുകളിലെ പ്രകടമായ വ്യത്യാസങ്ങളും അവ്യക്തതകളും ഓഡിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിഫലിപ്പിച്ചിട്ടില്ല എന്ന് പൊതുയോഗത്തിന് ബോധ്യപ്പെട്ടതിനാലും, 2024 ജനുവരിയില്‍ നടന്ന ഹാന്‍ഡിങ് ഓവര്‍ മീറ്റിംഗില്‍ മുന്‍ പ്രസിഡന്റുമാര്‍ ആ കണക്കുകള്‍ വീണ്ടും ഓഡിറ്റ് ചെയ്യണമെന്നും പൊതുയോഗത്തില്‍ അവതരിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നത് പൊതുയോഗം അംഗീകരിക്കുകയും 2023 ലെ കണക്കുകള്‍ പുനഃപരിശോധിക്കുവാന്‍ തീരുമാനിക്കുകയും പ്രസ്തുത കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിലേക്ക് രണ്ടു ഓഡിറ്റേഴ്‌സിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
2024 ലെ ഫോമാ ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കുകയും, സജീവ് മാത്യു ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി മത്സരിക്കുന്നതിനെ പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. 2024 ലെ ലോഗോയ്ക്ക് അംഗീകാരം നല്‍കുകയും സംഘടനയുടെ നിലവിലെ പേരിനൊപ്പം ചുരുക്കപ്പേരായി NMA എന്ന് ഉപയോഗിക്കുവാനും പൊതുയോഗം തീരുമാനിച്ചു.
ഇതേ തുടര്‍ന്ന് പുറത്താക്കപ്പെട്ടവര്‍ സംഘടനയുടെ ഔദ്യോഗിക പേര് ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി പൊതുയോഗം എന്നപേരില്‍ അവരുടെ ഒരു ഗ്രൂപ്പ് യോഗം കൂടുന്നതിന്റെ വാര്‍ത്തയും ഫോട്ടോയും മാധ്യമങ്ങളിലൂടെ കാണുവാന്‍ ഇടയായി. 02/18/2024ല്‍ വിമത ഗ്രൂപ്പ് യോഗം കൂടിയവര്‍ ഈ പ്രാവശ്യം അവരുടെ കുടുംബാഗങ്ങളെയും കുടെ കൂട്ടി ഒരു ഗ്രൂപ്പ് യോഗം എന്നതിനപ്പുറത്തേക്ക് യാതൊരുവിധ പ്രാധാന്യവും ഈ യോഗത്തിനില്ല. അവിടെ കൂടിയിരിക്കുന്നവരില്‍ ഒരാള്‍ പോലും നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2024 ലെ അംഗങ്ങള്‍ അല്ല. ചിലര്‍ മുന്‍വര്‍ഷങ്ങളില്‍ സംഘടനയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട് എന്നതല്ലാതെ 2024 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് എടുത്ത് അംഗങ്ങള്‍ ആയവര്‍ അല്ല. സംഘടനയില്‍ അംഗത്വം ഇല്ലാത്തവര്‍ ഒന്നിച്ചു ചേര്‍ന്ന്, സംഘടനയുടെ ഔദ്യോഗിക പ്രസിഡന്റിനെയും സെക്രട്ടറിയെയും പുറത്താക്കി പകരം ഡമ്മികളെ നിയമിച്ചു എന്ന വിചിത്രമായ നടപടിയാണ് ഇവര്‍ വ്യാജ വാര്‍ത്തയിലൂടെ പൊതുജനത്തെ അറിയിച്ചു തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.
ഒരു അറ്റോര്‍ണി നോട്ടീസ് പ്രചരിപ്പിച്ചുകൊണ്ടാണ് ഇവര്‍ ഇങ്ങനെ ഒരു മീറ്റിങ്ങ് കൂടുന്നതിന്റെ കാരണമായി വിശദീകരിച്ചിരുന്നത്. അതില്‍ വിവരിക്കുന്ന പ്രകാരം അറ്റോര്‍ണി യോഗം വിളിക്കുന്നതിന്റെ അടിസ്ഥാനം നവകേരള ഭരണ ഘടന 111 . 7 പ്രകാരമാണെന്നാണ്. സംഘടനയുടെ ഭരണഘടനയില്‍ അതിങ്ങനെയാണ്, “The General Body shall elect 2 Auditors from the eligible members do not from part of Executive Committee “.
കഴിഞ്ഞ 30 വര്‍ഷങ്ങളായി വര്‍ഷാവസാന പൊതുയോഗത്തില്‍ വെച്ചാണ് ഓഡിറ്റേഴ്‌സിനെ തിരഞ്ഞെടുക്കാറുള്ളത്. അതാത് വര്‍ഷത്തെ വരവ് ചിലവ് കണക്ക് ഓഡിറ്റ് ചെയ്യുക എന്നല്ലാതെ പൊതുയോഗം നടത്തുവാനോ, മറ്റു തീരുമാനങ്ങള്‍ എടുക്കുവാനോ ഭരണഘടനാ പരമായും നിയമപരമായും ഇവര്‍ക്ക് യാതൊരു അധികാരവും ഇല്ലാത്തതാകുന്നു. സംഘടനയുടെ ഭരണഘടനയോ അതിലെ വകുപ്പുകളോ ഉപവകുപ്പുകളോ അറിയാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ വിഘടന്മാരുടെ ഓരോ വൃഥാ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഈ നടപടികള്‍. നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡയുടെ ഭരണഘടന ഉദ്ധരിക്കുവാന്‍ ഈ സംഘടനയിലെ അംഗങ്ങള്‍ പോലും അല്ലാത്ത ഇവര്‍ക്ക് എന്തധികാരമാണ് ഉള്ളത്?.
വിമതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സംഘടനയില്‍ നിന്നും 2024 പൊതുയോഗം പുറത്താക്കിയിട്ടുള്ളതാണെന്നും നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡയുടെ പേര് ദുരുപയോഗം ചെയ്ത് ഇവര്‍ നടത്തിയേക്കാവുന്ന യാതൊരു വിധ ഇടപാടുകള്‍ക്കും സംഘടനയോ ഭാരവാഹികളോ ഉത്തരവാദികള്‍ അല്ലായിരിക്കുമെന്നും കൂടാതെ മത, രാഷ്ട്രീയ, സഭാ, മദ്യ ലോബികളുടെ യാതൊരുവിധത്തിലുള്ള ഇടപെടലുകള്‍ക്കും സമ്മര്‍ദ്ദത്തിനും നവകേരള വഴങ്ങുകയില്ലെന്നും പ്രസിഡന്റ് പനങ്ങയില്‍ ഏലിയാസും സെക്രട്ടറി കുര്യന്‍ വര്‍ഗീസും അറിയിച്ചു.
വാർത്ത:പി.പി ചെറിയാന്‍















