
മുംബൈ: നടൻ സൽമാൻ ഖാൻ്റെ വസതിക്കു നേരെ വെടിയുതിർത്ത കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പുലിവാൽ പിടിച്ച് മുംബൈ പോലീസ്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് അനൂജ് ഥാപൻ്റെ മരണം അന്വേഷിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രിൽ 14 ന് നടൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിയുതിർത്തവർക്ക് ആയുധം നൽകിയത് പഞ്ചാബ് സ്വദേശി ഥാപൻ ആണെന്ന് ആരോപിച്ചാണ് ഒരാഴ്ച മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തത്. മുംബൈ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ക്രൈംബ്രാഞ്ചിൻ്റെ ലോക്കപ്പിൽ വച്ചാണ് ഥാപൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെത്തിക്കും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഥാപ്പനും മറ്റ് അഞ്ച് പേരും ലോക്കപ്പിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രാവിലെ 11 മണിയോടെ അയാൾ ടോയ്‌ലറ്റിൽ പോയി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ബെഡ്ഷീറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ലോക്കപ്പിന് സമീപം നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അനാസ്ഥയുണ്ടെങ്കിൽ അന്വേഷിക്കും. ലോക്കപ്പിന് സമീപം അഞ്ച് പോലീസുകാർ ഡ്യൂട്ടിയിലുണ്ടെന്നും സിസിടിവി ക്യാമറകളും സ്ഥലത്തുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടം ഇന്ന് ജെജെ ആശുപത്രിയിൽ നടക്കും.
ഥാപ്പൻ കേസിനെക്കുറിച്ച് ഉത്കണ്ഠാകുലനായിരുന്നു എന്നും ജാമ്യം ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും ജയിലിലെ മറ്റ് അന്തേവാസികൾ പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഥാപ്പനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം. “അനൂജ് ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഫോൺ വന്നു. അവൻ ആത്മഹത്യ ചെയ്യുന്ന ആളല്ല, കൊന്നതാണ്. ഞങ്ങൾക്ക് നീതി വേണം,” അനുജിന്റെ സഹോദരൻ പറഞ്ഞു.