സമയം മാറും, ദിവസത്തിന് കൂടുതല്‍ ദൈര്‍ഘ്യം ! ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലേക്കെന്ന് പഠനം

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലേക്കെന്ന് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഭൂമിയുടെ അകകാമ്പ് ഉപരിതലത്തേക്കാള്‍ സാവധാനത്തില്‍ ഭ്രമണം ചെയ്യുന്നതായാണ് സ്ഥിരീകരണം. ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ സ്ഥിരതയിലും ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തിലും ഇത് കാര്യമായ സ്വാധീനം ചെലുത്തിയേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ദിവസ ദൈര്‍ഘ്യത്തില്‍ സെക്കന്റിന്റെ അംശത്തില്‍ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കി.

2010 ഓടെ അകക്കാമ്പിന്റെ വേഗത കുറയാന്‍ തുടങ്ങിയതിന് തെളിവുകള്‍ നല്‍കിയാണ് നേച്ചര്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചത്. ചന്ദ്രന്റെ അത്രയും വലിപ്പമുള്ള ഈ ഭാഗം ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഘരഗോളമാണ്.

സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ദീര്‍ഘ കാലത്തെ നിരീക്ഷണങ്ങളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും ലഭിച്ച ഫലത്തില്‍ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവരില്‍ ഒരാളായ പ്രൊഫ. ജോണ്‍ വിഡേല്‍ പറഞ്ഞു.

ഭൂമിയെ പുറംതോട്, ആവരണം, പുറം കോര്‍, അകക്കാമ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഏറ്റവും പുറം പാളിയാണ് പുറംതോട്. ഭൂമിക്ക് നാല് പ്രധാന പാളികള്‍ ഉണ്ട്. ഇരുമ്പും നിക്കലും ചേര്‍ന്ന ഖര ആന്തരിക കാമ്പ്, വിസ്‌കോസ് ആവരണം, സംവഹന പ്രവാഹങ്ങള്‍ ഉപയോഗിച്ച് പ്ലേറ്റ് ടെക്‌റ്റോണിക്‌സ്, ജീവനുള്ളതും ഭൂമിശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമായ നേര്‍ത്ത, ഖര പുറംതോട്.