
ടെക്സസ്: അമേരിക്കയിൽ ഒരു കുടിയേറ്റക്കാരിയുടെ ജീവിതം എത്രത്തോളം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെന്നതിൻ്റെ നേർചിത്രമായി മാറുകയാണ് ഇന്ത്യൻ വംശജയായ മീനു ബത്രയുടെ അനുഭവങ്ങൾ. 35 വർഷം അമേരിക്കൻ മണ്ണിൽ വിയർപ്പൊഴുക്കി, നാല് മക്കളെ വളർത്തി, അവിടുത്തെ നിയമവ്യവസ്ഥയുടെ ഭാഗമായി ജോലി ചെയ്തിട്ടും ഒടുവിൽ ഒരു കുറ്റവാളിയെപ്പോലെ തടങ്കലിലാക്കപ്പെട്ട മീനു, നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മോചിതയായി.
മാർച്ച് 17-ന് ജോലി സംബന്ധമായ യാത്രയ്ക്കായി മിൽവാക്കിയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയതായിരുന്നു മീനു. എന്നാൽ അവിടെ അവരെ കാത്തിരുന്നത് ഐസിഇ (ICE) ഉദ്യോഗസ്ഥരായിരുന്നു. 2000-ലെ പഴയൊരു നാടുകടത്തൽ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. “അവർ എന്നെ തടഞ്ഞപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്ക് മനസ്സിലായില്ല,” അവർ ഓർക്കുന്നു.
റെയ്മണ്ട്‌വില്ലിലെ എൽ വാലെ തടങ്കൽ കേന്ദ്രത്തിലായിരുന്നു പിന്നീട് മീനുവിന്റെ ജീവിതം. കോടതിയുടെ ശക്തമായ ഇടപെടൽമതിയായ നടപടിക്രമങ്ങളോ നോട്ടീസോ ഇല്ലാതെ മീനുവിനെ തടങ്കലിൽ വെച്ചത് നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി നിരീക്ഷിച്ചു. “ഭരണകൂടത്തിന് ഒരാളെ ആദ്യം തടവിലിടുകയും പിന്നീട് അതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യാൻ കഴിയില്ല” എന്ന് മീനുവിൻ്റെ അഭിഭാഷകൻ ദീപക് അലുവാലിയ വാദിച്ചു. യുഎസ് പൗരന്മാരായ നാല് മക്കളുടെ അമ്മയായ മീനുവിന് ‘വിത്ത്ഹോൾഡിംഗ് ഓഫ് റിമൂവൽ’ എന്ന പ്രത്യേക സംരക്ഷണമുണ്ടായിട്ടും അത് പരിഗണിക്കാതെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. മൂന്നര പതിറ്റാണ്ടായി താൻ ജീവിക്കുന്ന രാജ്യം തന്നെ പെട്ടന്നൊരു ദിവസം ‘അന്യ’യായി പ്രഖ്യാപിച്ച നിമിഷം. ടെക്സസിലെ ഇമിഗ്രേഷൻ കോടതികളിൽ ആയിരക്കണക്കിന് ആളുകൾക്ക് നീതി ലഭ്യമാക്കാൻ ഭാഷാ പരിഭാഷകയായി സേവനമനുഷ്ഠിച്ച മീനുവിന്, ആഴ്ചകളോളം തടവറയ്ക്കുള്ളിൽ കഴിയേണ്ടി വന്നു.
“ഞാൻ അപമാനിക്കപ്പെട്ടു, ഒരു കുറ്റവാളിയെപ്പോലെയാണ് അവർ എന്നോട് പെരുമാറിയത്, അത് എന്നെ തളർത്തിക്കളഞ്ഞു,” കസ്റ്റഡിയിലിരിക്കെ മീനു വിതുമ്പലോടെ പറഞ്ഞു. തൻ്റെ മക്കളും ജോലിയും ജീവിതവും എല്ലാം അമേരിക്കയിലായിരുന്നിട്ടും, പഴയൊരു സാങ്കേതിക നിയമത്തിൻ്റെ പേരിൽ തന്നെ വേട്ടയാടിയതിലെ വേദന അവർ മറച്ചുവെച്ചില്ല.
മീനുവിനായി നീതിയുടെ ഇടപെടൽ
മതിയായ നടപടിക്രമങ്ങളോ നോട്ടീസോ ഇല്ലാതെ ഒരാളെ ഇങ്ങനെ തടങ്കലിൽ വെക്കാൻ പാടില്ലെന്ന് നിരീക്ഷിച്ച ഫെഡറൽ കോടതി മീനുവിന് നിമയത്തിൻ്റെ തണലൊരുക്കി. “ആദ്യം തടവിലാക്കുക, പിന്നീട് ന്യായീകരിക്കുക എന്നത് നിയമമല്ല” എന്ന് മീനുവിൻ്റെ അഭിഭാഷകൻ ദീപക് അലുവാലിയ കോടതിയിൽ വാദിച്ചു.
“നിയമപരമായ എല്ലാ സംരക്ഷണവും ഉണ്ടായിരുന്നിട്ടും മീനുവിനെപ്പോലെയുള്ളവരെ വേട്ടയാടുന്നത് ഖേദകരമാണ്,” എന്ന് യുഎസ് കോൺഗ്രസ് അംഗം ജോക്വിൻ കാസ്ട്രോ പ്രതികരിച്ചു. സമൂഹത്തിന് ഇത്രയധികം സംഭാവനകൾ നൽകുന്നവരെ തടവിലിടുന്നത് കുടുംബങ്ങളെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീനു ബത്രയുടെ ഇളയ മകൻ ജാസ്പർ യുഎസ് സൈന്യത്തിൽ അംഗമാണ് . മീനു തടങ്കലിലായപ്പോൾ, അവർക്ക് ‘ഹ്യൂമാനിറ്റേറിയൻ പരോൾ’ നൽകി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്പർ അപേക്ഷ നൽകിയിരുന്നു. “ഞാൻ എൻ്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാനാണ് സൈന്യത്തിൽ ചേർന്നത്. എന്നാൽ എന്റെ അമ്മ ഇതിൽ ഉൾപ്പെടുമെന്ന് ഞാൻ കരുതിയില്ല,” എന്ന് ജാസ്പർ വേദനയോടെ പ്രതികരിച്ചിരുന്നു.
അമേരിക്കൻ പൗരന്മാരായ തൻ്റെ നാല് മക്കളുടെ അടുത്തേക്ക് മീനു മടങ്ങിയെത്തുമ്പോൾ അതൊരു കുടുംബത്തിൻ്റെ മാത്രം വിജയമല്ല. കൃത്യമായ രേഖകളോടെ ജീവിക്കുന്ന ഓരോരുത്തർക്കും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന വലിയൊരു പ്രതീക്ഷ കൂടിയാണ്. എങ്കിലും, ഇത്രയും കാലം സേവനം ചെയ്ത രാജ്യം തന്നോട് കാട്ടിയ അനീതിയുടെ കയ്പ്പ് ഇപ്പോഴും അവരുടെ വാക്കുകളിൽ ബാക്കിയുണ്ട്.
Indian-origin Meenu Batra released from ICE detention















