അന്താരാഷ്ട്ര നിയമം മാനിക്കണം, ഹോർമുസ് കടലിടുക്ക് അടയ്ക്കരുത്: ഇറാനോട് ഖത്തർ

ദോഹ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്മാറണമെന്ന് ഖത്തർ. മേഖലയിൽ പിരിമുറുക്കം വർദ്ധിപ്പിക്കുന്നത് ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കാൻ ഇറാൻ തയ്യാറാകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.

കടലിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം വിട്ടുവീഴ്ചയില്ലാത്ത തത്വമാണെന്ന് ഖത്തർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കും. കടലിടുക്ക് തടസ്സപ്പെട്ടാൽ ലോകത്തെ ഊർജ്ജ-ഭക്ഷ്യ വിതരണത്തെ അത് ബാധിക്കും. ഇത് ആഗോള വിപണികളെയും വിതരണ ശൃംഖലയെയും തകിടം മറിക്കുമെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പാലിക്കാനും പ്രാദേശിക സ്ഥിരത ഉറപ്പാക്കാനും ഇറാൻ മുൻഗണന നൽകണം. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ പൂർണ്ണ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നയതന്ത്രപരമായ പുരോഗതികൾ ഖത്തറിനെ അറിയിച്ചു. മേഖലയിലെ സമാധാനത്തിനായി ഇറാൻ സംയമനം പാലിക്കണമെന്നാണ് ഖത്തറിൻ്റെ ഉറച്ച നിലപാട്.

Qatar tells Iran to abide by international law, not close Strait of Hormuz