
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്താനുള്ള സാധ്യതകൾ തള്ളിക്കളയാതെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ടെഹ്‌റാൻ മേഖലയിൽ സംഘർഷം വർധിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ്റെ ഭാഗത്തുനിന്ന് മോശമായ നീക്കങ്ങളുണ്ടായാൽ സൈനിക നടപടി അനിവാര്യമായി വരുമെന്ന് ട്രംപ് വ്യക്തമാക്കി.
“…അവർ അരുതാത്തത് എന്തെങ്കിലും ചെയ്യാനോ മോശമായി പെരുമാറാനോ മുതിർന്നാൽ തീർച്ചയായും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനുമേൽ സൈനികവും സാമ്പത്തികവുമായ സമ്മർദ്ദം തുടരാനാണ് വാഷിംഗ്ടണിൻ്റെ നീക്കമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. ഇറാൻ ഭരണകൂടം പ്രകോപനം തുടരുകയാണെങ്കിൽ നേരിട്ടുള്ള സൈനിക നീക്കമല്ലാതെ മറ്റ് വഴികളില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.
അതേസമയം, ഇറാൻ്റെ പുതിയ സമാധാന നിർദ്ദേശങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും അവ അംഗീകരിക്കുന്ന കാര്യത്തിൽ ട്രംപ് കടുത്ത സംശയം പ്രകടിപ്പിച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇറാൻ ചെയ്ത കാര്യങ്ങൾക്ക് അവർ ഇതുവരെ വേണ്ടത്ര “വില നൽകിയിട്ടില്ല”എന്ന് ട്രംപ് വാദിച്ചു. അതിനാൽ തന്നെ ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന പദ്ധതി അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇറാൻ അയച്ചുതന്ന പുതിയ പദ്ധതി ഞാൻ ഉടൻ പരിശോധിക്കും. എന്നാൽ അത് അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, കഴിഞ്ഞ 47 വർഷത്തിനിടെ മനുഷ്യത്വത്തോടും ലോകത്തോടും ചെയ്ത ക്രൂരതകൾക്ക് ഇറാൻ ഇതുവരെ മതിയായ പിഴയൊടുക്കിയിട്ടില്ല. ഈ കാര്യത്തിൽ ശ്രദ്ധാലുക്കളായതിന് നന്ദി!” ട്രംപ് കുറിച്ചു. നിലവിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തലിന് പിന്നാലെ, സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഇറാൻ പുതിയ നിർദ്ദേശങ്ങൾ വാഷിംഗ്ടണിന് സമർപ്പിച്ചത്. ഇത് പരിശോധിച്ചു വരുന്നതിനിടെയാണ് ട്രംപ് തൻ്റെ കർക്കശമായ നിലപാട് പരസ്യമാക്കിയത്.
Trump warns of military action if Iran ‘misbehaves’














