
ജനപ്രിയ ലഘുഭക്ഷണമായ ഡോറിറ്റോസില്‍ കാണപ്പെടുന്ന ഒരു സാധാരണ ഫുഡ് കളര്‍ ഉപയോഗിച്ച് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു പരീക്ഷണം നടത്തി. എലികളുടെ ചര്‍മ്മം സുതാര്യമാക്കുന്നതായാണ് പഠനഫലം പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയത്. സപ്തംബര്‍ 5-ന് സയന്‍സ് ജേണലില്‍ ഈ പഠനത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോറിറ്റോസില്‍ കാണപ്പെടുന്ന ഫുഡ് കളര്‍ എലിയുടെ ചര്‍മ്മത്തെ സുതാര്യമാക്കിയതായും ശരീരത്തിനുള്ളിലെ ടിഷ്യൂകളും അവയവങ്ങളും കാണാനായതായും പഠനം ചൂണ്ടിക്കാട്ടുന്നു. ശരീരത്തിനുള്ളിലെ ടിഷ്യൂകളും അവയവങ്ങളും മെച്ചപ്പെട്ട രീതികള്‍ കാണാനുള്ള പരീക്ഷണത്തിനിടെയിലാണ് ഡാളസിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിഹാവോ ഔയുടെ നേതൃത്വത്തില്‍ ഈ പരീക്ഷണം നടത്തിയത്. ജീവനുള്ള എലികളുടെ തലയോട്ടിയിലും അടിവയറ്റിലും ചര്‍മ്മം സുതാര്യമാക്കാന്‍ ഗവേഷകര്‍ വെള്ളവും ടാര്‍ട്രാസൈനും കലര്‍ന്ന മിശ്രിതം പ്രയോഗിച്ചു. ‘സുതാര്യത ദൃശ്യമാകാന്‍ കുറച്ച് മിനിറ്റുകള്‍ എടുക്കും. ഒരു ഫേഷ്യല്‍ ക്രീം അല്ലെങ്കില്‍ മാസ്‌ക് പ്രവര്‍ത്തിക്കുന്ന രീതിക്ക് സമാനമാണ് ഇതെന്ന് സര്‍വകലാശാലയുടെ വെബ്സൈറ്റിലെ വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.














