
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന ആദ്യ ഉപാധിയായി ലബനനിൽ നിന്നുള്ള ഇസ്രയേലിന്റെ പൂർണ്ണമായ പിന്മാറ്റം മുന്നോട്ടുവെച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും കരാറുകൾക്കും സാധ്യതയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താൽക്കാലികമായി ആക്രമണങ്ങൾ നിലച്ച പശ്ചാത്തലത്തിൽ തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും ശക്തമാക്കുന്നതിന്റെ സൂചനയാണ് ഇറാൻ നൽകുുന്നത്. അതിനിടെ, അമേരിക്കൻ സഹായത്തോടെ ഹോർമൂസ് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒന്ന് കടലിലെ മൈനിൽ തട്ടി തകർന്നതായും ഇറാൻ അവകാശപ്പെട്ടു.
സ്വന്തം കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ യുക്രൈന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ബ്രിട്ടന് പുറമെ യുക്രൈനെക്കൂടി ഇറാൻ വെല്ലുവിളിച്ചത് സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരുമോയെന്ന ആശങ്ക ഉയർത്തുന്നുണ്ട്. അമേരിക്കയെ ആക്രമിക്കാൻ റഷ്യ സഹായിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് യുക്രൈന് നേരെ ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ വിഷയം റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പരിധിയിലേക്ക് കൂടി കടന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും.
അതേസമയം, ഹോർമൂസിൽ ഇറാന്റെ ആക്രമണശേഷി തകർക്കുക എന്ന ലക്ഷ്യം പൂർത്തിയായെന്നും നിലവിലെ ആക്രമണങ്ങൾ തുടരുന്നതിൽ അർത്ഥമില്ലെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി അമേരിക്കയ്ക്കും ഇറാനും ഇടയിൽ പുതിയ ആക്രമണങ്ങൾ നടന്നിട്ടില്ല എന്നത് വലിയ ആശ്വാസമാണ് നൽകുന്നത്. ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ അമേരിക്കയിലെത്തുന്നുണ്ട്. ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ച യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും.
Mujtaba Khamenei Demands Israeli Withdrawal From Lebanon as Condition to End War With US











