ഭക്ഷണമേളയെ ചോരക്കളമാക്കി സിയാറ്റിൽ കൂട്ടവെടിവെപ്പ്; മൂന്ന് മരണം, 15 കാരൻ പിടിയിൽ, ഒരാൾക്കായി തെരച്ചിൽ ശക്തം, നടുക്കം മാറാതെ നഗരം

സിയാറ്റിൽ: അമേരിക്കയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സ്പേസ് നീഡിലിൽ നടന്ന ‘ബൈറ്റ് ഓഫ് സിയാറ്റിൽ’ ഭക്ഷണമേളയിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അക്രമത്തിൽ രണ്ട് വയസ്സുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പ്രതികൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

ആദ്യം രണ്ട് പേർ പരസ്പരം വെടിയുതിർത്തതാണെന്നാണ് കരുതിയിരുന്നതെങ്കിലും, പിടിയിലായ 15 വയസ്സുകാരൻ്റെ കോടതി രേഖകളിൽ നിന്നാണ് മൂന്നാമതൊരാളെക്കൂടി തിരിച്ചറിഞ്ഞത്. പ്രതികളിൽ ഒരാളായ 19 കാരൻ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. മൂന്നാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കൊല്ലപ്പെട്ട 19-കാരൻ ജൂനിയർ സീ നിക്കോ സെമോയ്ക്കും വെടിവെപ്പിൽ പങ്കുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. പിടിയിലായ കൗമാരക്കാരനും ഇയാളും തമ്മിൽ മുൻപരിചയമുണ്ട്. അക്രമത്തിന് പിന്നിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്തുനിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. ജൂനിയർ സെമോയെ കൂടാതെ കാർലോസ് ഇസ്രായേൽ (44), ആഷ്‌ലി വൈറ്റ്‌ഹെഡ് (56) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ.

പ്രതിവർഷം മൂന്നര ലക്ഷത്തോളം ആളുകൾ സന്ദർശിക്കുന്ന മൂന്ന് ദിവസത്തെ മേളയുടെ സമാപന ദിവസമാണ് ദുരന്തമുണ്ടായത്. വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി സ്പേസ് നീഡിൽ ലോബിയിലും സമീപത്തെ മ്യൂസിയത്തിലും ഒളിക്കുകയായിരുന്നു. പടക്കങ്ങൾ പൊട്ടുന്നതാണെന്നാണ് ആദ്യം കരുതിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ക്രൂരമായ ഈ അക്രമത്തെ വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസനും സിയാറ്റിൽ മേയർ കാറ്റി വിൽസണും ശക്തമായി അപലപിച്ചു. ഇരകളുടെ കുടുംബങ്ങളോടൊപ്പം നഗരം ഒപ്പമുണ്ടാകുമെന്നും അന്വേഷണം വേഗത്തിലാക്കുമെന്നും മേയർ അറിയിച്ചു.

Seattle food festival turns into bloodbath in mass shooting; three dead, 15-year-old arrested, search for one intensifies, city still reeling

More Stories from this section

family-dental
witywide