
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഭവനഉടമകൾക്ക് ഇനി ഏറ്റവും വലിയ കാലാവസ്ഥാ ഭീഷണി കടൽച്ചുഴലിക്കാറ്റുകളോ വെള്ളപ്പൊക്കമോ അല്ലെന്ന് പുതിയ പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലം അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകൾ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവയുൾപ്പെടുന്ന ‘ശക്തമായ സംവഹന കൊടുങ്കാറ്റുകളാണ്’ (Severe Convective Storms – SCS) നിലവിൽ ഏറ്റവും വലിയ വില്ലനാകുന്നത്. പ്രമുഖ കാലാവസ്ഥാ പഠന സ്ഥാപനമായ ‘ഫസ്റ്റ് സ്ട്രീറ്റ്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
റിപ്പോർട്ട് പ്രകാരം, ലോകത്താകമാനം ഇൻഷുറൻസ് കമ്പനികൾ ഏറ്റവും കൂടുതൽ തുക നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് ഇത്തരം സംവഹന കൊടുങ്കാറ്റുകൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്കാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഈ ഇനത്തിൽ മാത്രം 794 ബില്യൺ ഡോളറിൻ്റെ ക്ലെയിമുകളാണ് കമ്പനികൾക്ക് നൽകേണ്ടി വന്നത്. ഇത് വെള്ളപ്പൊക്കം, ഭൂകമ്പം, വരൾച്ച എന്നിവ മൂലമുണ്ടായ ആകെ നഷ്ടത്തേക്കാൾ കൂടുതലാണ്.
ഈ പ്രകൃതിദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് അമേരിക്കയെയാണ്. ഉയർന്ന മൂല്യമുള്ള കെട്ടിടങ്ങളും വീടുകളും ഉള്ളതിനാൽ അമേരിക്കയിലാണ് വലിയ തോതിൽ സാമ്പത്തിക നഷ്ടം രേഖപ്പെടുത്തുന്നത്. അമേരിക്കയിലെ ഇല്ലിനോയിസ്, ഒഹായോ, വടക്കൻ ടെക്സസ് തുടങ്ങിയ പ്രദേശങ്ങൾ ഇത്തരം കൊടുങ്കാറ്റുകളുടെ പ്രധാന ബെൽറ്റായി മാറിക്കഴിഞ്ഞു. നിലവിൽ ഇൻഷുറൻസ് കമ്പനികൾ ഈ മേഖലകളിൽ നിന്ന് പിൻവാങ്ങിയിട്ടില്ലെങ്കിലും, പ്രീമിയം തുകകൾ കുത്തനെ വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഭൂമിയിലെ ചൂടും ഈർപ്പവും അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങുന്ന ‘സംവഹന പ്രക്രിയ’യാണ് ഇടിമിന്നലോട് കൂടിയ ഇത്തരം കൊടുങ്കാറ്റുകൾക്ക് കാരണമാകുന്നത്. മറ്റ് വൻകിട പ്രകൃതിദുരന്തങ്ങളെപ്പോലെ ഒരു പ്രദേശത്തെ പൂർണ്ണമായി തകർക്കുന്നതിന് പകരം, ഇവ അടിക്കടിയുണ്ടാകുന്ന ആലിപ്പഴ വർഷത്തിലൂടെയും കാറ്റിലൂടെയും തുടർച്ചയായ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിൽ തന്നെ ആലിപ്പഴ വർഷമാണ് വീടുകൾക്കും വാഹനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഏറ്റവും കൂടുതൽ നാശമുണ്ടാക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തെ സാമ്പത്തിക വളർച്ചയെ തകിടം മറിക്കുന്ന മൂന്നാമത്തെ വലിയ പ്രകൃതിദുരന്തമായി ഇത് മാറുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Even though the climate has changed, we have not changed; ‘This natural disaster’ is a bigger threat than earthquakes or floods















