സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദത്തിൻ്റെയും അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് നിലവിൽ മഴ ശക്തമാകാൻ കാരണം. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. മഴയോടൊപ്പം തന്നെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കടലിൽ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതയുള്ളതിനാൽ രാത്രികാല യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശിക്കുന്നു.

Heavy rains with thunderstorms likely in the state; Yellow alert in six districts today

More Stories from this section

family-dental
witywide