മൊബൈല്‍ ഫോണിന്റെ ഉപയോഗം ബ്രെയിന്‍ ക്യാന്‍സര്‍ വരുത്തില്ല; വ്യക്തമാക്കി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള പഠനം

മൊബൈല്‍ ഫോണ്‍ ഉപയോഗവും ബ്രെയിന്‍ ക്യാന്‍സര്‍ (മസ്തിഷ്‌ക അര്‍ബുദം) സാധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ നേതൃത്തില്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടും നിന്നും ശേഖരിച്ച വിവരങ്ങള്‍ തെളിവായി ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ പഠന സംഘം എത്തിയത്.

മൊബൈല്‍ ഫോണ്‍ അടക്കമുള്ള വയര്‍ലെസ് സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടും, ബ്രെയിന്‍ ക്യാന്‍സറുകളുടെ വളര്‍ച്ചയില്‍ അതിനനുസരിച്ചുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടെത്തി. ഒരു ദശാബ്ദത്തിലേറെയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ദീര്‍ഘനേരം ഫോണ്‍ വിളിക്കുന്ന ആളുകള്‍ക്കും ബ്രെയിന്‍ ക്യാന്‍സറിനെയോര്‍ത്ത് പേടി വേണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണുകളിലും ടിവി, ബേബി മോണിറ്ററുകള്‍, റഡാര്‍ എന്നിവയിലും ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സിയുടെ അനന്തര ഫലങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയതെന്ന് ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡ് സര്‍വകലാശാലയിലെ കാന്‍സര്‍ എപ്പിഡെമിയോളജി പ്രൊഫസറായ മാര്‍ക്ക് എല്‍വുഡ് പറഞ്ഞു.

പഠനത്തിനായി 1994-2022 വരെയുള്ള 63 പഠനങ്ങള്‍ ഉള്‍പ്പെടുത്തുകയും ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയില്‍ നിന്നുള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ള 11 വിദഗ്ദ്ധര്‍ പങ്കെടുക്കുകയും ചെയ്തു.

More Stories from this section

family-dental
witywide