യുഎസിലേക്ക് മാസ്റ്റേഴ്‌സിനായി പോകുന്നവര്‍ ‘പെട്ടുപോകാതിരിക്കാന്‍’ വേണം അതീവ കരുതല്‍

യുഎസില്‍ എത്തി വിദ്യാഭ്യാസം നേടുക, ജോലി ചെയ്യുക, മെച്ചപ്പെട്ട കരിയറും ജീവിതവും പടുത്തുയര്‍ത്തുക എന്നത് വലിയൊരു ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേയും സ്വപ്‌നമാണ്. പലതും വിറ്റുപെറുക്കിയും കടം വാങ്ങിയും സ്വപ്‌നത്തിനു പിന്നാലെ പായുമ്പോള്‍ എത്തിപ്പെടുന്നത് ചില ചതിക്കുഴികളിലാണെങ്കിലോ?

അത്തരത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില പൊരുത്തക്കേടുകള്‍ തുറന്നുകാട്ടിയിരിക്കുകയാണ് ഒരു യു.എസ് വിദ്യാര്‍ത്ഥി. റെഡ്ഡിറ്റിലൂടെ തന്റെ നിരീക്ഷണങ്ങള്‍ പങ്കിട്ടതോടെ ചൂടേറിയ ചര്‍ച്ചാ വിഷയമായി.

യുഎസില്‍ ജനിച്ചു വളര്‍ന്ന് നിലവില്‍ കമ്പ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ എന്റോള്‍ ചെയ്ത 26 കാരിയായ യുവതി ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. തനിക്കൊപ്പം പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വലിയ ആധിപത്യം ഒരു യുഎസ് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ‘അപൂര്‍വ്വമാണ്’ എന്നാണ് അവര്‍ പറയുന്നത്. പ്രത്യേകിച്ചും അത്ര പ്രശസ്തമല്ലാത്ത ഒരു യൂണിവേഴിസിറ്റിയാകുമ്പോള്‍ എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രോഗ്രാമിലെ വിദ്യാര്‍ത്ഥികളില്‍ 99% ഇന്ത്യക്കാരാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അവര്‍ പറയുന്നു. ഒരു യുഎസ് കോളേജില്‍ ഇത്രയധികം നോണ്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഉള്ളത് വളരെ അപൂര്‍വമാണ്. പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും യുഎസ് ബിരുദം ആകര്‍ഷകമായ തൊഴില്‍ അവസരങ്ങളിലേക്കും തൊഴില്‍ വിസകളിലേക്കും അവരുടെ സുവര്‍ണ്ണ ടിക്കറ്റായി കണക്കാക്കുന്നുവെന്ന് യുവതി പറഞ്ഞു.

പക്ഷേ, മത്സരാധിഷ്ഠിത തൊഴില്‍ വിപണി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കരുതുന്നതുപോലെ ഇവിടെ ജോലി ലഭിക്കുക അത്ര എളുപ്പമല്ലെന്നും, എന്തിന് ഇവിടുള്ളവര്‍ക്കുപോലും അത് എളുപ്പമല്ലെന്നും അവര്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് എടുത്തുകാണിച്ചുകൊണ്ട് ‘ഇത് ഒരുതരം തട്ടിപ്പാണെന്ന് ഞാന്‍ കരുതുന്നുവെന്നാണ് അവര്‍ പറഞ്ഞത്. കാരണം പ്രതീക്ഷിക്കുന്ന ജോലി ലഭിക്കാന്‍ യാതൊരു ഉറപ്പും നല്‍കാത്ത ഡിഗ്രികള്‍ക്കായി പലപ്പോഴും വലിയ വായ്പകള്‍ എടുക്കേണ്ടി വരുന്നുവെന്നതാണ് പ്രധാന പ്രശ്‌നം.

‘ എന്റെ നിരീക്ഷണങ്ങളില്‍ നിന്ന് ഈ ഇന്ത്യന്‍ കുട്ടികള്‍ ഒരുതരം തട്ടിപ്പിന് ഇരകളാകുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ഇവിടെയെത്തി കടക്കെണിയിലാകുകയാണ്. പ്രൊഫസര്‍മാര്‍ പോലും മികച്ചവരല്ല, ഒരുപക്ഷേ അവര്‍ക്ക് ഒരു ജോലിയും ലഭിക്കാതെയും വരാം. അവരുടെ അവസ്ഥയെക്കുറിച്ചോര്‍ത്ത് ദുഖമുണ്ടെന്നും യു.എസ് വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം തേടി യു.എസിലേക്ക് പറക്കുംമുമ്പ് പഠിക്കുന്ന വിഷയം, യൂണിവേഴ്‌സിറ്റി, കോളേജ്, അധ്യാപകര്‍, ജോലിസാധ്യത തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരുത്തണം. ചതിക്കുഴികളില്‍പ്പെട്ടുപോകാന്‍ എളുപ്പമാണ്. അതില്‍ നിന്നും കരകയറുക എന്നത് വളരെ പ്രയാസമേറിയതും സങ്കീര്‍ണവുമാണ്.

More Stories from this section

family-dental
witywide