ട്രംപിൻ്റെ മകൾ ഇവാങ്കയുടെ ഭർത്താവ് ജരാഡ് കുഷ്നറുടെ പിതാവും വ്യവസായിയുമായ ചാൾസ് കുഷ്‌നറെ ഫ്രാൻസിലെ യുഎസ് അംബാസഡറായി ഡൊണാൾഡ് ട്രംപ് നോമിനേറ്റ് ചെയ്തു. സെനറ്റിന്റെ അനുമതി ലഭിക്കുന്നതോടെ നിയമനം പൂർത്തിയാകും. ട്രംപ് കഴിഞ്ഞ തവണ പ്രസിഡൻ്റ് ആയിരുന്നപ്പോൾ മരുമകൻ ജരാഡ് കുഷ്നർ മുഖ്യ ഉപദേശകനായിരുന്നു. മകൾ ഇവാങ്കയും കുടുംബവും ട്രംപുമായി കഴിഞ്ഞ ടേമിൽ വലിയ അടുപ്പം പുലർത്തിയിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഇവാങ്കയും ഭർത്താവും വലിയ കാര്യമായി ട്രംപിൻ്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാത്തത് ചർച്ചയായിരുന്നു.
“ന്യൂജേഴ്‌സിയിൽ നിന്നുള്ള ചാൾസ് കുഷ്‌നറെ ഫ്രാൻസിലെ യുഎസ് അംബാസഡറായി നാമനിർദ്ദേശം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹം ഒരു മികച്ച ബിസിനസ്സ് നേതാവും മനുഷ്യസ്‌നേഹിയുമാണ്, അദ്ദേഹം നമ്മുടെ രാജ്യത്തെയും അതിൻ്റെ താൽപ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന ശക്തമായ വക്താവായിരിക്കും. ” ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
യുഎസിലെ ഏറ്റവും വലുതും വിജയകരവുമായ സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ കുഷ്‌നർ കമ്പനികളുടെ സ്ഥാപകനും ചെയർമാനുമാണ് ചാർസ്. യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയൽ കൗൺസിലിലേക്ക് നിയമിതനായ അദ്ദേഹത്തെ ഏണസ്റ്റ് ആൻഡ് യങ് ഈ വർഷത്തെ മികച്ച സംരംഭകനായി തിരഞ്ഞെടുത്തിട്ടുണ്ട്.
Trump nominates Daughter Evanka’s father in law as ambassador to France