
ടെഹ്‌റാൻ: വൃക്കരോഗികൾക്ക് ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളും മെഡിക്കൽ സാമഗ്രികളുമായി വന്ന ഇറാന്റെ ‘എം.വി തുസ്ക’ എന്ന ചരക്കുകപ്പൽ 95 ദിവസത്തെ അമേരിക്കൻ കസ്റ്റഡിക്ക് ശേഷം മോചിപ്പിച്ചു. തടഞ്ഞുവെച്ച കപ്പലിലുണ്ടായിരുന്ന സാധനങ്ങൾ തിരിച്ചെത്തിച്ചതായി ഇറാന്റെ പ്രമുഖ വാർത്താ ഏജൻസികളായ തസ്നിം, മെഹർ എന്നിവ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ഏപ്രിൽ 20-നാണ് ഒമാൻ കടലിൽ വെച്ച് യു.എസ് ഉപരോധം ലംഘിച്ചുവെന്നാരോപിച്ച് അമേരിക്കൻ നാവികസേന തുസ്ക എന്ന കപ്പൽ പിടിച്ചെടുത്തത്.
രാജ്യത്തെ ഏകദേശം 44,000 ഡയാലിസിസ് രോഗികളുടെ ചികിത്സയ്ക്ക ആവശ്യമായ ഫിൽട്ടറുകളും മറ്റ് സാമഗ്രികളും അടങ്ങിയ 8 കണ്ടെയ്‌നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയും (IRCS) 17 അന്താരാഷ്ട്ര മാനുഷിക സംഘടനകളും ചേർന്ന് നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലുകൾക്കൊടുവിലാണ് കപ്പലിലെ ജീവൻരക്ഷാ സാമഗ്രികൾ വിട്ടുകിട്ടിയത്.
ചരക്കിന്റെ ഒരു ഭാഗം ഇന്നലെയും ബാക്കി ഭാഗം ഇന്നലെയുമായി റെഡ് ക്രസന്ററ്റുമായി ബന്ധപ്പെട്ട കമ്പനിക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.ഡയാലിസിസ് സാമഗ്രികളുമായി വന്ന കപ്പൽ തടഞ്ഞുവെച്ച അമേരിക്കൻ നടപടി “കടൽക്കൊള്ളയ്ക്ക്” തുല്യമാണെന്ന് ഇറാൻ റെഡ് ക്രസന്റ് വക്താവ് കുറ്റപ്പെടുത്തി. ഈ മെഡിക്കൽ സാമഗ്രികൾ എത്തിയതോടെ രാജ്യത്തുടനീളമുള്ള ഡയാലിസിസ് രോഗികളുടെ അടിയന്തര ചികിത്സാ ആവശ്യങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.















