
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ് സേനയെ അപ്രതീക്ഷിതമായി ആക്രമിക്കാനുള്ള ഇറാൻ്റെ ആസൂത്രിത ശ്രമമായിരുന്നു ഇതെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം യു.എസ് സമയം 5:45-ഓടെ ഇറാനിയൻ റവല്യൂഷണറി ഗാർഡ്സ് ആണ് ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. എന്നാൽ ഇറാൻ വിക്ഷേപിച്ച മിസൈലുകളെല്ലാം യു.എസ് പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചതായും സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിൽ യു.എസ് സൈന്യത്തിന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിലെ യു.എസ് സൈന്യം അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജരായി തുടരുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും രാഷ്ട്രീയ പിരിമുറുക്കവും ശക്തമായിരിക്കുകയാണ്.
Iran’s ballistic missile attack on US forces; Army says missiles successfully intercepted















